തുരങ്കപദ്ധതി ഉപേക്ഷിക്കണം; കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം
text_fieldsകൽപറ്റ: കള്ളാടി തുരങ്ക പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി- സാംസ്കാരിക- മനുഷ്യാവകാശ സംഘടന പ്രവർത്തകർ സിവിൽ സ്റ്റേഷനു മുന്നിൽ സത്യഗ്രഹം നടത്തി. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ഉത്തരവാദിയായ കരാർ കമ്പനിക്കെതിരെ കേസെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുക, മതിയായ വിദഗ്ധ പഠനം നടത്താതെയും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന് തെറ്റായ വിവരം നൽകി തെറ്റിദ്ധരിപ്പിച്ചും പരിസ്ഥിതി അംഗീകാരം കരസ്ഥമാക്കിയ മുൻസർക്കാറിന്റെ ചെയ്തികൾ സമഗ്രമായ അന്വേഷിക്കുകയും തുരങ്കപദ്ധതി ഉപേക്ഷിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർച്ചയായി നടക്കുന്ന അതീവ ദുർബലമായ പ്രദേശത്താണ് തുരങ്കമുണ്ടാക്കുന്നതെന്നും സമീപവർഷങ്ങളിൽ മൂന്ന് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന്റെ സമീപത്താണ് തുരങ്കം നിർമിക്കുന്നത് എന്നതിനാലും കർക്കശമായ 20 ഉപാധികൾ നിർദേശിച്ചാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി തുരങ്ക നിർമാണത്തിന് അനുമതി നൽകിയത്. ഇങ്ങനെ നേടിയ പരിസ്ഥിതി അനുമതിയെക്കുറിച്ചും തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും എൽ.ഡി.എഫ് സർക്കാറിന്റെ ഗൂഢാലോചനയെക്കറിച്ചും സമഗ്രമായ അന്വേഷണം വേണം. ഇപ്പോൾ സംഭവിച്ചത് പ്രകൃതിയുടെ ചെറിയ സൂചനയും താക്കീതുമാണ്. ടണലിന്റെ പ്രവൃത്തി തുടർന്നാൽ ഭയാനക ദുരന്തങ്ങൾ ഇനിയുമുണ്ടാകും. വയനാടിന്റെ പരിസ്ഥിതിയെയും പശ്ചിമഘട്ടത്തിന്റെ സുസ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന തുരങ്കപദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് സത്യഗ്രഹത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
തോമസ് അമ്പലവയൽ, ഡോ. പി.ജി. ഹരി, അഡ്വ. സുനിൽ ജോസഫ്, പി.കെ. ഭഗത്ത്, എം ഗംഗാധരൻ, എം.കെ. ഷിബു, ടി. ശിവരാജ്, ബി.ജി. ലാലിച്ചൻ, അബു പൂക്കോട്, പി.ജി. ലത, എം. ബാബുരാജ്, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു. സാം പി. മാത്യു സ്വാഗതവും ബാബു മൈലമ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

