തുരങ്കപാത: രണ്ടാം തുരങ്കത്തിന്റെ നിർമാണവും തുടങ്ങി
text_fieldsതുരങ്കപാതയുടെ രൂപരേഖ
കൽപറ്റ: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ -കള്ളാടി തുരങ്കപാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണവും തുടങ്ങി. രണ്ട് തുരങ്കത്തിന്റെയും നിർമാണം ഒരേസമയം നടത്തുന്ന രീതിയിലാണ് ഇപ്പോഴുള്ളത്. ഉന്നത ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം തുരങ്കപ്പാത പദ്ധതി പ്രദേശം സന്ദർശിച്ച് വലതുവശത്തെ തുരങ്ക നിർമാണം വിലയിരുത്തിയശേഷം ഇടതുവശത്തെ തുരങ്ക നിർമാണത്തിന് നിർദേശം നൽകുകയായിരുന്നു.
കിഫ്ബി ധനസഹായത്താല്‍ 2134 കോടി ചെലവഴിച്ചാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽനിന്ന് വയനാട് ജില്ലയിലെ മേപ്പാടി മീനാക്ഷി പാലത്തിലേക്ക് എത്തുന്നതാണ് തുരങ്കപാത. 8.735 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം.
ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് ഇരു ജില്ലകളെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. 1957നും 65നും ഇടയിൽ ആസ്ട്രേലിയയിൽ വികസിപ്പിച്ചെടുത്ത ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് നിർമാണം. തുരങ്കം രൂപപ്പെടുത്തുന്നതിന് ചുറ്റുമുള്ള പാറക്കൂട്ടത്തിന്റെ സ്വാഭാവിക ശക്തിയെ ആശ്രയിച്ച് നിലംതന്നെ പ്രാഥമിക പിന്തുണയായി ഉപയോഗിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.
വയനാട്ടിലെ മേപ്പാടിയിൽ നിന്നുള്ള തുരങ്ക നിർമാണ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ഇരുവശത്തുനിന്നും ഒരേസമയം തുരന്നുനീങ്ങുന്നതാണ് നിർമാണ രീതി. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ ഏഴു തട്ടുകളായി തിരിച്ച് താഴേക്ക് കൊണ്ടുവന്ന് കോൺക്രീറ്റ് ചെയ്താണ് തുരങ്ക മുഖം രൂപപ്പെടുത്തിയത്. തുരങ്കപാതയിലേക്കുള്ള ഒരു പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. മറ്റൊരു പാലവും അപ്രോച്ച് റോഡ് നിർമാണവും ഉടൻ ആരംഭിക്കും. ഇതിന്റെ സർവേയും സമീപത്തെ പാറകൾ നീക്കം ചെയ്യലും ആരംഭിച്ചിരുന്നു. രണ്ട് തുരങ്കങ്ങളുടെയും നിർമാണം ഒരേസമയം നടക്കുന്നതിനാൽ ജോലിസമയവും ജോലിക്കാരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾ അനുസരിച്ചാണ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽനിന്ന് തുരങ്ക പ്രവൃത്തി നേരത്തേ തുടങ്ങിയത്. കൊച്ചി-ബംഗളൂരു വ്യവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ തുരങ്കപാത വരുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകുകയും ഇരുജില്ലകളിലെയും ഗതാഗതം സുഗമമാകുകയും യാത്രാസമയം ഏറെ കുറയുകയും ചെയ്യും. എന്നാൽ, തുരങ്കപാത സംബന്ധിച്ച പാരിസ്ഥിതിക ആശങ്കകൾ ഇപ്പോഴും നിലനിൽക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

