മരിയനാട് ഭൂമിയിൽ റവന്യൂ ഉദ്യോഗസ്ഥരെ വീണ്ടും തടഞ്ഞ് ഗോത്രവാസികൾ
text_fieldsമരിയനാട് ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരസമിതിയുടെ നേതൃത്വത്തിൽ
തടയുന്നു
ഇരുളം: മരിയനാട് റവന്യു ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന കുടുംബങ്ങൾ തടഞ്ഞു. സ്ഥലത്തെത്തിയ ജില്ല സർവേയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ വാക് തർക്കമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് സ്ഥലം അളക്കുന്നത് നിർത്തിവെച്ചു.
മൂന്നര വർഷമായി ഭൂമിയിൽ കുടിൽകെട്ടി താമസമാരംഭിച്ച കുടുംബങ്ങൾക്ക് സ്ഥലം നൽകാതെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ 15 പേർക്ക് മാത്രം ഭൂമി നൽകുന്നതിന് വേണ്ടി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് ഇരുളം -മരിയനാട് സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. സമര കേന്ദ്രത്തിലുള്ള മുഴുവൻ ആളുകൾക്കും ഭൂമി നൽകുക, മരിയനാടുള്ള മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് 15 പേർക്ക് ഭൂമി നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് മരിയനാട് ഇവർക്ക് ഭൂമി അളന്ന് കൊടുക്കുന്നതിനായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ മാസവും ഇവിടെ എത്തിയിരുന്നെങ്കിലും കുടിൽ കെട്ടി കഴിയുന്ന കുടുംബങ്ങൾക്ക് ഭൂമി നൽകാതെ മറ്റുള്ളവർക്ക് നൽകാൻ അനുവദിക്കുകയില്ലെന്ന് സമരക്കാർ പറഞ്ഞതോടെ പിൻവാങ്ങുകയായിരുന്നു.
തിങ്കളാഴ്ച വീണ്ടും പൊലീസ് സഹായത്തോടുകൂടിയാണ് ഉദ്യോഗസ്ഥർ എത്തിയത്. കുടിൽകെട്ടി താമസിക്കുന്ന ഭൂമി അളക്കാൻ അനുവദിക്കുകയില്ലെന്ന് സമരക്കാർ ശഠിച്ചതോടെയാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്നതാണ് മരിയനാട് ഭുമി. ഇതിലാണ് ഭൂരഹിതരായ ആയിരത്തിൽപ്പരം ഗോത്രവാസികൾ കുടിൽകെട്ടി താമസം ആരംഭിച്ചത്. 233 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന മരിയനാട്ടെ മൊത്തം ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയശേഷം എല്ലാവർക്കുമായി നൽകണമെന്നാണ് സമരസമിതിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

