വേണം, മുട്ടിൽ ടൗണിലും ഗതാഗത പരിഷ്കരണം
text_fieldsമുട്ടിൽ: കോഴിക്കോട് -കൊല്ലെഗൽ ദേശീയപാത 716ലെ തിരക്കേറിയ ടൗണുകളിലൊന്നായ മുട്ടിലിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ദേശീയ പാതയിലൂടെയുള്ള ടൗണിന്റെ ദൈർഘ്യം താരതമ്യേന കുറവാണെങ്കിലും തുടക്കം മുതൽ അവസാനം വരെ എവിടെയും എപ്പോൾ വേണമെങ്കിലും ഗതാഗതക്കുരുക്കുണ്ടാകാമെന്നതാണ് അവസ്ഥ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡമില്ലാത്തത് പ്രദേശത്ത് ദേശീയപാതയിലും കുരുക്കിന് കാരണമാകുകയാണ്.
മുട്ടിൽ ടൗണിനോട് ചേർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളുടെ ആധിക്യവും പാർക്കിങ്ങിന് കൃത്യമായ മാനദണ്ഡമില്ലാത്തതും ഗതാഗത തടസ്സമുണ്ടാക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
നിരവധി പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞശേഷം എല്ലാ ബസുകളും സ്റ്റാൻഡിൽ കയറുകയും ആളുകളെ ഇറക്കുകയും ചെയ്തിരുന്നു.
ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് ഇത് സഹായകമാകുകയും ചെയ്തു. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ ഉൾപ്പെടെ ബസ് സ്റ്റാൻഡിൽ കയറാതെ ദേശീയപാതയോട് ചേർന്നുള്ള സ്റ്റോപ്പിൽ തന്നെ നിർത്താൻ തുടങ്ങി. നിലവിൽ കൽപറ്റ -സുൽത്താൻ ബത്തേരി റൂട്ടിലെ സ്വകാര്യ ബസുകളും മറ്റു റൂട്ടിലെ സ്വകാര്യ ബസുകളും ബസ് സ്റ്റാൻഡിൽ കയറുന്നുണ്ട്. എന്നാൽ, ദീർഘദൂര ബസുകൾ ഉൾപ്പെടെ ടൗണിൽ തോന്നിയപോലെ പല സ്ഥലത്തായാണ് നിർത്തുന്നത്.
മുട്ടിൽ ടൗണിൽ മൂന്നിലധികം സ്ഥലങ്ങളിലാണ് ബസുകൾ നിർത്തുന്നത്. കോഴിക്കോടേക്കുള്ള ദീർഘദൂര ബസുകൾ പഴയതുപോലെ വിവേകാനന്ദ ആശുപത്രിയിലേക്കുള്ള റോഡിന് സമീപം ദേശീയപാതയിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നത്. കോഴിക്കോടുനിന്നും വരുന്ന ബസുകൾ സ്റ്റാൻഡിനോട് ചേർന്നുമാണ് നിർത്തുന്നത്.
സുൽത്താൻ ബത്തേരിയിൽനിന്നും കൽപറ്റയിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ മുട്ടിലിൽ നിന്നും തിരിഞ്ഞ് വിവേകാനന്ദ ആശുപത്രി വഴിയാണ് പോകുന്നത്. ഈ ബസുകൾ സ്റ്റാൻഡിൽ കയറിയശേഷം വിവേകാനന്ദ ആശുപത്രിയിലേക്കുള്ള റോഡിന് മുമ്പായി വീണ്ടും നിർത്തും. തിരക്കേറിയ സമയങ്ങളിൽ ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ടൗണിൽ മുട്ടിൽ -മേപ്പാടി റോഡ് ആരംഭിക്കുന്നയിടത്താണ് കൂടുതൽ ഗതാഗതക്കുരുക്കുണ്ടാകുന്നത്. വീതി കുറഞ്ഞ ഈ റോഡിനോട് ചേർന്ന് വാഹനങ്ങൾ നിർത്തുന്നത് ഗതാഗത തടസ്സത്തിനിടയാക്കുന്നു. നിലവിൽ ദേശീയപാതയുടെ ഇരുവശത്തും ഓട്ടോ സ്റ്റാൻഡുകളുണ്ട്. നാട്ടുകാരെയും ഓട്ടോ -ടാക്സി തൊഴിലാളികളെയും വ്യാപാരികളെയും മറ്റുള്ളവരെയും വിശ്വാസത്തിലെടുത്ത് എല്ലാവർക്കും അനുയോജ്യമായ രീതിയിൽ അടിയന്തരമായി ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
പരിഷ്കരണം അടിയന്തരമായി നടപ്പാക്കണം -പ്രതീക്ഷ
മുട്ടിൽ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ മുട്ടിൽ ടൗണിൽ ട്രാഫിക് പരിഷ്കാരം ഉടൻ നടപ്പാക്കണമെന്ന് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ആവശ്യപ്പെട്ടു. മുട്ടിൽ -മേപ്പാടി റോഡിലാണ് കൂടുതൽ കുരുക്ക്.
വീതികുറഞ്ഞ റോഡിന്റെ അരികിൽ വാഹനങ്ങൾ നിർത്തുമ്പോൾ ദേശീയ പാതയിൽനിന്ന് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്കും മേപ്പാടി റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്കും പോകാൻ കഴിയാത്ത സാഹചര്യമാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിൽ തന്നെ കയറി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്താൽ ടൗണിൽ ഇപ്പോൾ ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് എൻ.കെ. ഷബീർ, സെക്രട്ടറി റമീസ് ബക്കർ, എം.കെ. ട്രഷറർ മുബാറക് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

