ചുരത്തിലെ ഗതാഗതക്കുരുക്ക്; തകരാറിലാവുന്ന വാഹനങ്ങൾ നീക്കാൻ ക്രെയിൻ വരുന്നു
text_fieldsകൽപറ്റ: വയനാട് ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമൊരുങ്ങുന്നു. കേടാകുന്ന വാഹനങ്ങള്‍ നീക്കാന്‍ ചുരത്തിൽ ക്രെയിന്‍ ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട്, വയനാട് കലക്ടര്‍മാരുടെ ചര്‍ച്ചയിൽ തീരുമാനമായി. ചുരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ കാര്യക്ഷമമായി ഇടപെടാൻ ലക്കിടിയില്‍ സംവിധാനമൊരുക്കാനും തീരുമാനമായി.
ഭാരവാഹനങ്ങളെ നിയന്ത്രിക്കുന്നതിന് ബോയ്സ് ടൗണിലും ലക്കിടിയിലും സ്ക്വാഡ് പ്രവർത്തനം ശക്തമാക്കാനും ചര്‍ച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. അമിതഭാരവുമായെത്തുന്ന വാഹനങ്ങളുടെ ഉടമകളിൽനിന്ന് ഫൈൻ ഈടാക്കാനും ഭാരം നിയമാനുസൃതമാക്കിയ ശേഷം കടത്തിവിടാനുമാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്ക് ബോധവൽകരണം നൽകും. ആർ.ടി.ഒ, ജിയോളജി, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് വകുപ്പുകളുടെ സംയുക്ത സ്ക്വാഡാണുണ്ടാവുക. തൂക്കം അറിയാനുള്ള സംവിധാനങ്ങൾ ബോയ്സ് ടൗണിലും ലക്കിടിയിലും സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടം സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടു.
അതേസമയം, ഇരു ജില്ലകളിലെയും ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ച യോഗത്തിലുയർന്ന നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികളുണ്ടായിട്ടില്ലെന്ന വിമർശനമുണ്ട്. വയനാട് ഭാഗത്തുനിന്നും വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ വിശേഷ ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഉച്ചക്ക് ശേഷം മൂന്ന് മുതൽ ഒമ്പതു വരെയും തിങ്കളാഴ്ചകളിൽ രാവിലെ ഏഴു മുതൽ ഒമ്പതുവരെയും നിയന്ത്രിക്കും, ജില്ലയിലേക്ക് മെറ്റൽ, മണൽ മുതലായ നിർമാണ സാമഗ്രകളുമായി താമരശ്ശേരി, മുക്കം പ്രദേശങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളുടെ ചുരത്തിലേക്കുള്ള പ്രവേശനം താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ നിയന്ത്രിക്കും, ആർ.ആർ.ടി ടീം രൂപവത്കരിക്കും തുടങ്ങിയ നിർദേശങ്ങളാണ് നടപ്പാവാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

