ചുരത്തിലെ ഗതാഗതക്കുരുക്ക്; പൂഴിത്തോട്-പടിഞ്ഞാറത്തറ പാത; അനാസ്ഥയെന്ന് ജനകീയ കര്‍മസമിതി
text_fieldsപടിഞ്ഞാറത്തറ: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് കാരണം പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയാണെന്ന് ജനകീയ കർമസമിതി ആരോപിച്ചു. പൂജ അവധികളും ശനിയും ഞായറും ഒന്നിച്ചു വന്നപ്പോള്‍ വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു. അതിനനുസരിച്ച് ഗതാഗത പ്രശ്നങ്ങളും രൂക്ഷമായി.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ചുരത്തില്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് കിടക്കേണ്ട അവസ്ഥ വന്നു. തുരങ്ക പാതയടക്കമുള്ള ബദല്‍ സംവിധാനങ്ങള്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. എന്നാല്‍ 70 ശതമാനത്തിലധികം നിർമാണം പൂര്‍ത്തീകരിച്ച പാത തുറന്നു കിട്ടുമെന്ന പ്രതീക്ഷയില്‍ വയനാടന്‍ ജനത 30 വര്‍ഷമായി കാത്തിരിക്കുകയാണ്.
ജില്ല വികസന സമിതി തീരുമാന പ്രകാരം പാത കടന്നുപോവുന്നിടങ്ങളുടെ ഒരു ഭാഗത്ത് കഴിഞ്ഞ 19ന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംയുക്ത പരിശോധന നടന്നിരുന്നു. ഇനി ഇത്തരത്തിലുള്ള ഒരു പരിശോധന നടക്കേണ്ടത് കോഴിക്കോട് ജില്ലയിലാണ്. അതിനുള്ള തീരുമാനം ഉടന്‍ ഉണ്ടാവണം.
അല്ലാത്ത പക്ഷം ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ചുരത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കര്‍മസമിതി ചെയര്പേഴ്സന് ശകുന്തള ഷണ്മുഖന് അധ്യക്ഷത വഹിച്ചു. യു.എസ്. സജി, ഒ.ജെ. ജോണ്സന്, സാജന് തുണ്ടിയില്‍, ഹംസ ഐക്കാരന്, ബെന്നി മാണിക്കത്ത്, സി.കെ. ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

