ടൗൺഷിപ്: ദുരന്തബാധിതര്‍ വീട് മാത്രം ഒഴിഞ്ഞാൽ മതി
text_fieldsസ്മാർട്ട് കാർഡ് റവന്യൂ മന്ത്രി കെ. രാജൻ വിതരണം ചെയ്യുന്നു
കൽപറ്റ: പുനരധിവാസ പദ്ധതിയിൽ ഉരുൾദുരന്തബാധിതർ നൽകേണ്ട സമ്മതപത്രത്തിൽ തിരുത്തൽ വരുത്തി സർക്കാർ. സമ്മതപത്രത്തില്‍ നേരത്തേ ആവശ്യപ്പെട്ടിരുന്ന ദുരന്തബാധിതപ്രദേശത്ത് അനുഭവിച്ചുവന്നിരുന്ന ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും ഒഴിയണം എന്നതില്‍ മാറ്റം വരുത്തിയതായി റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേയുള്ള നിബന്ധനകളിൽ അതിജീവിതർക്ക് ആശങ്കയുണ്ടായിരുന്നു. സമ്മതപത്രത്തിലും അനുബന്ധ ഫോറങ്ങളിലും വീട് മാത്രം ഒഴിഞ്ഞാല്‍ മതിയെന്നാക്കിയിട്ടുണ്ട്.
മരണപ്പെട്ടവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വെള്ളിയാഴ്ച മുതല്‍ അതത് പഞ്ചായത്തുകളില്‍നിന്ന് ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷന്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഷയമായി പരിഗണിച്ച് ടാറ്റയുടെ സി.എസ്.ആര് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാല് കൗണ്‍സലേഴ്സും സര്‍ക്കാറിന്റെ നാല് കൗണ്‍സലേഴ്സും ഉള്‍പ്പെടെ എട്ട് കൗണ്‍സലേഴ്സും ഒരു സൈക്യാട്രി ഡോക്ടര്‍ ഉള്‍പ്പെടെ ആളുകളുടെയും സേവനം തുടര്‍ന്നുപോകുന്നതിനും ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.
മേപ്പാടി സി.എച്ച്.എസ് ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കി നടപടിക്രമങ്ങളിലേക്ക് പോവുകയാണ്. 365 മൊബൈല്‍ ഫോണുകള്‍ ഒരു വര്‍ഷത്തെ ഫ്രീ കണക്ഷനോടെ വാങ്ങിനല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കെ.എസ്. ടി.എം.എയുമായി ബന്ധപ്പെട്ട് 280 ലാപ്ടോപ്, ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികള്‍ക്ക് നല്കാന് നിശ്ചയിച്ചു.
സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 59 ഭിന്നശേഷിക്കാരായ ആളുകളെ കണ്ടെത്തി അവരില്‍ റെക്കോഡുകള്‍ നഷ്ടപ്പെട്ട 10 പേര്‍ക്ക് അവ ലഭ്യമാക്കി. ഒരു മാസം ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഏപ്രില്‍ മുതല്‍ ആറുമാസത്തേക്ക് വിതരണം ചെയ്യും. ഏഴോളം റോഡുകളുടെ എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ദുരിതബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സര്‍ക്കാര്‍ നല്കുന്ന വിവിധ സഹായങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സ്മാര്‍ട്ട് കാര്‍ഡ് മന്ത്രി കെ. രാജന് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ ദുരന്തബാധിതരായ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ കാര്‍ഡ് സ്കാന്‍ ചെയ്ത് വ്യക്തികളുടെ ആരോഗ്യം-ഭക്ഷണം-വാടക തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് കാര്‍ഡിലൂടെ. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ഐ.ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഗുണഭോക്തൃ കാര്‍ഡ് തയാറാക്കിയത്. ടൗണ്‍ഷിപ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സേവനം ലഭിക്കും. കാര്‍ഡ് ലഭിച്ചവര്‍ക്ക് ആശുപത്രികളില്‍നിന്ന് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ നിറങ്ങളിലാണ് കാര്‍ഡ് തയാറാക്കിയത്. ചുവപ്പ് നിറത്തിലുള്ള കാര്‍ഡ് നേരിട്ട് ദുരിതബാധിതരായവര്‍ക്കും ഓറഞ്ച് നിറത്തിലുള്ളത് ഭാഗികമായി ദുരിതം നേരിട്ടവര്‍ക്കും പച്ചനിറത്തിലുള്ള കാര്‍ഡ് ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുമാണ്.
വ്യക്തിയുടെ അസുഖത്തിന്റെ തോതനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്ലെങ്കില്‍ സര്‍ക്കാര്‍ നിർദേശിക്കുന്ന പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കാര്‍ഡ് നഷ്ടമായാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കാന്‍ സൗകര്യമുണ്ട്. മറ്റു ജില്ലകളിലെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേരാന്‍ ജില്ല കലക്ടറോട് മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

