സഞ്ചാരികളുടെ വാഹനങ്ങൾ ദേശീയ പാതക്കരികിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു
text_fieldsവൈത്തിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ ദേശീയപാതക്കരികിൽ
നിർത്തിയിട്ട നിലയിൽ
വൈത്തിരി: വൈത്തിരി മേഖലയിലുള്ള പാർക്കുകളിലെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദേശീയപാതക്ക് ഇരുവശങ്ങളിലുമായി. കോഴിക്കോട്, കൽപറ്റ ഭാഗത്തേക്ക് പോകുന്ന ആയിരക്കണക്കിന് ബസുകളടക്കമുള്ള വാഹനങ്ങൾ ഇതുമൂലം ഗതാഗതക്കുരുക്കിലകപ്പെടുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോൾ പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കെത്തുന്ന വാഹനങ്ങളും ഇത്തരത്തിൽ റോഡിന് ഇരുവശവും നിർത്തിയിടുന്നത് കാണാം. വലിയ ബസുകളടക്കം ഇത്തരത്തിൽ നിർത്തിയിടുന്നത് വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ടൂറിസ്റ്റ് ബസുകളും വാനുകളും കാറുകളടക്കം നിരവധി സ്വകാര്യ വാഹനങ്ങൾ ഇത്തരത്തിൽ റോഡിനിരുവശവും മണിക്കൂറുകൾ നിർത്തിയിടുന്നത് പതിവാണ്.
വയനാട് ചുരത്തിലെ കുരുക്കുമൂലമുണ്ടാകുന്ന വാഹനനിര നീളുമ്പോൾ പൂക്കോട് ഭാഗത്തുള്ള പാർക്കിങ് കുരുക്ക് രൂക്ഷമാക്കുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ഗേറ്റ് മുതൽ തളിപ്പുഴ പാലം വരെയുള്ള സ്ഥലത്തിന്റെ റോഡിനിരുവശവും ടൂറിസ്റ്റ് ബസുകളുടെ പാർക്കിങ് മൂലം ഇതിലൂടെയുള്ള കാൽനട പോലും ദുഷ്കരമാണ്. മോട്ടോർവാഹന വകുപ്പും ഹൈവേ പൊലീസും ഇതിലൂടെ കടന്നുപോകുമ്പോഴൊക്കെ അനധികൃത പാർക്കിങ്ങുകാരിൽ നിന്നും പിഴ ഈടാക്കുന്നുണ്ട്. റോഡിനിരുവശവുമുണ്ടായിരുന്ന ‘നോ പാർക്കിങ്’ ബോർഡുകളൊന്നും ഇപ്പോൾ കാണാനില്ല.
റോഡരികിലെ മറ്റ് പാർക്കുകളിലെത്തുന്നവരുടെ വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിടുന്നു. ഈ ഭാഗത്ത് റോഡിന് വളവുമുണ്ട്. രണ്ട് ഭാഗത്തും ഹോട്ടലുകൾ, ലോഡ്ജുകൾ അടക്കമുള്ള സ്ഥാപനങ്ങളുമുണ്ട്. പാർക്കിൽ എത്തുന്നവരുടെ വാഹനങ്ങൾ കൂടി റോഡരികിൽ നിർത്തുന്നത് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
എൻ ഊരിലെത്തുന്ന സന്ദർശകർക്കായി പ്രത്യേക പാർക്കിങ് സൗകര്യം അധികൃതർ ഒരുക്കിയിട്ടുള്ളത് ഒരു കിലോമീറ്റർ അകലെ അറമല പാലത്തിനു സമീപമാണ്. എന്നാൽ ഇവിടെ ഒരു വണ്ടി പോലും പാർക്കിങ്ങിനായി വരുന്നില്ല. ദൂരം മാത്രമല്ല, മഴ പെയ്താൽ ചളിക്കുളമാണ് ഈ പാർക്കിങ്.
എൻ ഊര് ടിക്കറ്റ് കൗണ്ടറിനടുത്ത് നേരത്തേ പാർക്കിങ് ഉണ്ടായിരുന്നു. വലിയ വാഹനങ്ങളും ഇവിടെയായിരുന്നു പാർക്ക് ചെയ്തിരുന്നത്. എന്നാൽ ഇതിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പെയ്‌ഡ് പാർക്കിങ് വന്നതോടെ എൻ ഊരിന്റെ പാർക്കിങ് ലക്കിടിയിലേക്കു മാറ്റുകയായിരുന്നു. എന്നാൽ ഈ സ്ഥലം നിർമിതിയുടേതാണെന്ന വാദത്തിൽ ഇപ്പോൾ പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ പാർക്കിങ്ങിലേക്കുള്ള പാലം ബലം കുറഞ്ഞതിനാൽ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്താൻ കഴിയില്ല.
എൻ ഊരിലേക്കു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ യൂനിവേഴ്സിറ്റി കവാടത്തിൽ വൈത്തിരി പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു ഹോം ഗാർഡിനെ നേരത്തേ നിയമിച്ചിരുന്നു. എന്നാൽ, ഒരു വർഷത്തിലധികമായി ഈ സേവനം നിലച്ചിട്ട്. ഹോം ഗാർഡിന്റെ ദൗർലഭ്യതയാണ് കാരണമെന്നാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

