തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്;കടുവയെ കണ്ടെത്താൻ നാട്
text_fieldsനരഭോജി കടുവയെ പിടികൂടാനായി കൂടുതൽ ഫോഴ്സ് ദേവൻ എസ്റ്റേറ്റിൽ എത്തിയപ്പോൾ
ഗൂഡല്ലൂർ: നരഭോജി കടുവയെ ജീവനോടെ പിടികൂടാനുള്ള ദൗത്യം ഏഴാം ദിവസത്തിലേക്ക്. തിരച്ചിലിനായി ഗൂഡല്ലൂർ വനംവകുപ്പിനു കീഴിലെ ദ്രുതകർമ സേന, മുതുമല കടുവ സങ്കേതത്തിലെ താപ്പാനയെയും എത്തിച്ചിരിക്കുകയാണ്. തിരച്ചിലിനിടെ കടുവ രക്ഷപ്പെടുന്നത് തടയാനാണ് കൂടുതൽ ഫോഴ്സിനെ എത്തിച്ചത്. ഉയർന്ന ചെടികൾ ഉള്ള ഭാഗങ്ങളിൽ കടുവയെ കണ്ടെത്തിയാൽ ആനപ്പുറത്തിരുന്ന് വെടിവെക്കാനാണ് താപ്പാനയെ എത്തിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ചന്ദ്രൻ എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയ സ്ഥലത്തേക്കുതന്നെ കടുവ എത്തിയിട്ടുണ്ടെങ്കിലും കടുവയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ആയിട്ടില്ല.
അതേസമയം, കടുവ പരിധി വിട്ടുപോയിട്ടിെല്ലന്ന ഉറപ്പിലാണ് സംഘം സ്ഥലത്തുതന്നെ ക്യാമ്പ് ചെയ്യുന്നത്. ദേവൻ ഒന്ന്, മേഫീൽഡ്, അവുണ്ടേൽ ഭാഗങ്ങളിലെല്ലാം വനപാലകരുടെ പാറാവ് ഏർപ്പെടുത്തിയിട്ടുണ്ട്. നെലാക്കോട്ട, ദേവർഷോല സ്റ്റേഷനിലെ പൊലീസുകാരെയും സുരക്ഷക്കും ജനങ്ങൾ പുറത്തുവരുന്നത് തടയാനും നിയോഗിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ 108 ആംബുലൻസും സ്ഥലത്തുണ്ട് . നൂറിലേറെ അംഗങ്ങൾക്കുള്ള ഭക്ഷണം തയാറാക്കാനും തിരച്ചിൽ നടപടിക്കുമായി ദേവൻ ഒന്നിൽ പ്രത്യേക ക്യാമ്പുതന്നെ തുറന്നിരിക്കുകയാണ്. മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ് തിരച്ചിലിന് നേതൃത്വം വഹിക്കുന്നു. പൊൻ ജയശീലൻ എം.എൽ.എ സ്ഥലത്തെത്തി സ്ഥിതിഗതികൾ ആരാഞ്ഞു. ജീവനോടെ പിടികൂടാൻ കഴിയാത്ത പക്ഷം കടുവയെ വെടിവെച്ച് കൊല്ലണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

