അധികൃതരുടെ വീഴ്ച മറയ്ക്കാൻ; അവധി ദിനത്തിൽ അംഗൻവാടി കുട്ടികൾക്ക് പാൽ വിതരണം
text_fieldsമാനന്തവാടി: വനിത ശിശു വികസന വകുപ്പിന് കീഴിലെ ഇന്‍റഗ്രേറ്റഡ് ചൈൽഡ് വെൽെഫയർ സൊസൈറ്റി (ഐ.സി.ഡി.എസ്) ജീവനക്കാരുടെ വീഴ്ച മറച്ചുവെക്കാൻ അംഗൻവാടി ജീവനക്കാരെക്കൊണ്ട് കുട്ടികളെ അവധി ദിനത്തിൽ വിളിച്ചുവരുത്തി പാൽ നൽകിയതായി പരാതി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാനന്തവാടി ഐ.സി.ഡി.എസ് അഡീഷനലിന് കീഴിലെ വെള്ളമുണ്ട, തൊണ്ടർനാട്, എടവക പഞ്ചായത്തുകളിലെ അംഗൻവാടികളിലാണ് ബുധനാഴ്ച പാൽ വിതരണം നടത്തിയത്. ആഗസ്റ്റ് ഒന്നിന് സംസ്ഥാന തലത്തിൽ പാൽ വിതരണം നടത്തിയപ്പോൾ ഈ രണ്ടു പഞ്ചായത്തുകളിൽ വിതരണം നടത്തുന്ന കാര്യത്തിൽ സി.ഡി.പി.ഒ തലത്തിൽ വീഴ്ച വരുത്തുകയായിരുന്നു. ഓഡിറ്റ് വിഷയം ഉണ്ടാകുമെന്ന് കണ്ടതോടെ മഴ ഭീഷണിയെ തുടർന്ന് വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്കും ജില്ല കലക്ടർ അവധി നൽകിയത് അവഗണിച്ചാണ് സി.ഡി.പി.ഒ പാൽ വിതരണം ചെയ്യാൻ അംഗൻവാടി വർക്കർമാർക്ക് നിർദേശം നൽകിയത്. രാവിലെ 9.30ഓടെ കുട്ടികളെ അംഗൻവാടികളിൽ വിളിച്ചു വരുത്തി പത്ത് മണിക്ക് മുമ്പ് പാൽ നൽകി വിട്ടയക്കാനും വിതരണ ചടങ്ങിന്‍റെ ഫോട്ടോ വാട്സ് ആപ്പിൽ അയയ്ക്കണമെന്നുമായിരുന്നു അറിയിപ്പ്. പഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തേണ്ടിയിരുന്നത്.
എന്നാൽ, ഒരു വാർഡംഗത്തിന് കീഴിൽ ഒന്നിൽ കൂടുതൽ അംഗൻവാടികളുണ്ടെന്നിരിക്കെ ഈ അംഗൻവാടികളിലെല്ലാം അരമണിക്കൂറുകൊണ്ട് എങ്ങനെ പാൽ വിതരണം നടത്താനാകുമെന്നാണ് പഞ്ചായത്ത് അംഗങ്ങൾ തന്നെ ചോദിക്കുന്നത്. രാവിലെ പത്തിനുശേഷം വിതരണം നടത്തി പരാതി വന്നാൽ അംഗൻവാടി വർക്കർമാരായിരിക്കും ഉത്തരവാദികളെന്നുമാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, ഭൂരിഭാഗം കുട്ടികളും പത്ത് പത്തരയോടെ മാത്രമേ അംഗൻവാടികളിൽ എത്താറുള്ളൂ എന്നാണ് വർക്കർമാരും ആയമാരും പറയുന്നത്. അധികൃതരുടെ കർശന നിർദേശമുള്ളതിനാൽ അറുനൂറോളം കുട്ടികളിൽ ഭൂരിഭാഗത്തിനും പാൽ ലഭിച്ചില്ലെന്നതാണ് വസ്തുത. ഇതിലേറേയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ്. അതേസമയം, അംഗൻവാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാൾ ഉപരി ഫീഡിങ് കേന്ദ്രങ്ങളാണെന്ന നിലപാടിലാണ് സി.ഡി.പി.ഒ, സൂപ്പർവൈസർ എന്നിവർ. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനം ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം പാലും രണ്ടു ദിവസം മുട്ടയും നൽകുന്ന പോഷകബാല്യം പദ്ധതിക്ക് ആഗസ്റ്റ് ഒന്ന് മുതൽ വനിത ശിശുവികസന വകുപ്പ് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

