കടുവകൾ വിലസുന്നു; ജനവാസ കേന്ദ്രങ്ങളിൽ ആശങ്ക
text_fieldsസുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവകളെ നിയന്ത്രിക്കാൻ വനം വകുപ്പിന് സാധിക്കാത്ത സാഹചര്യത്തിൽ മൈലമ്പാടി, പുല്ലുമല, വാകേരി, സീസി ഭാഗങ്ങളിൽ ജനത്തിന്റെ ആശങ്ക ഒഴിയുന്നില്ല.
റോഡ് ഉപരോധവും വനംവകുപ്പിന്റെ ഉറപ്പുകളും ഒരു ഭാഗത്തുണ്ടെങ്കിലും സാധാരണ ജനം ഇപ്പോഴും ഭീതിയിലാണ്. വ്യാഴാഴ്ച വാകേരിയിൽ മൂന്ന് കടുവകളാണ് എത്തിയത്.
എന്നാൽ വെള്ളിയാഴ്ച സീസിയിൽ എത്തിയ കടുവ വാകേരിയിൽ എത്തിയ മൂന്ന് കടുവകളിൽപ്പെട്ടതല്ലെന്നാണ് പറയുന്നത്.
മൂന്നാഴ്ച മുമ്പാണ് കൂടുവെച്ച് വാകേരിയിൽ നിന്ന് ഒരു കടുവയെ പിടികൂടിയത്. ഇതൊക്കെ തെളിയിക്കുന്നത് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവകളുടെ എണ്ണം ഭീതിപ്പെടുത്തുന്ന രീതിയിൽ ഉണ്ടെന്നതാണ്. മൈലമ്പാടി പ്രദേശത്ത് മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഏഴു വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ സാന്നിധ്യം അറിയിക്കുമ്പോഴൊക്കെ വനംവകുപ്പ് സ്ഥലത്തെത്തും.
ഉദ്യോഗസ്ഥർ കാവൽനിൽക്കാറുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകാറില്ല. കൂടുവെച്ച് പിടികൂടണമെന്നാണ് മിക്കയിടത്തും നാട്ടുകാരുടെ ആവശ്യം. കൂടുവെക്കാനുള്ള ചട്ടങ്ങൾ പാലിക്കേണ്ടതിനാൽ അതിൽനിന്ന് അധികൃതർ ഒഴിഞ്ഞുമാറുകയാണ് പതിവ്.
വെള്ളിയാഴ്ച സീസി, മണ്ഡകവയൽ ഭാഗങ്ങളിലെ നാട്ടുകാർ സംഘടിച്ചാണ് പനമരം - ബീനാച്ചി റോഡ് ഉപരോധിച്ചത്.
കർഷക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ സമരം. കടുവകളെ നിരീക്ഷിച്ചതിന് ശേഷം കൂടുവെക്കാമെന്നാണ് തീരുമാനം.
കൂട്ടിൽ കടുവയെ കയറ്റുക എന്നത് ദിവസങ്ങൾ നീളുന്ന പ്രക്രിയയാണ്. അതിനാൽ വാകേരി, സീസി, മൈലമ്പാടി ഭാഗത്തെ ജനത്തിന് പേടിയില്ലാതെ പുറത്തിറങ്ങി നടക്കുകയെന്നത് വരുംദിവസങ്ങളിലും ചോദ്യ ചിഹ്നമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

