പുതിയ സ്ഥലങ്ങൾ തേടി കടുവകൾ, നിസ്സഹായതയിൽ നാട്ടുകാരും വനം വകുപ്പും
text_fieldsസുൽത്താൻ ബത്തേരി: കടുവ എത്തുന്ന സ്ഥലങ്ങളുടെ എണ്ണം ജില്ലയിൽ ഏറുകയാണ്. ആക്രമണത്തിൽനിന്ന് രക്ഷനേടാൻ ജനം ഓരോ നിമിഷവും ജാഗ്രത പാലിക്കേണ്ടിവരുന്നു. മുമ്പൊന്നും ഉണ്ടാകാത്തവിധം കടുവശല്യം കൂടുമ്പോൾ വനം വകുപ്പ് നിസ്സഹായതയിലുമാണ്.
സുൽത്താൻ ബത്തേരി താലൂക്കിലെ ഒട്ടുമിക്ക ഭാഗത്തും ഇപ്പോൾ കടുവ വന്നുപോയിട്ടുണ്ട്. ഒടുവിൽ വാകേരി ഏദൻ വാലി എസ്റ്റേറ്റിൽ എത്തിയ കടുവ വളർത്തുനായെ കൊന്നു. എസ്റ്റേറ്റിലെ നടപ്പാതയിലൂടെ നടക്കുന്നതിനിടെ കടുവ നായുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്നു നായെ കടിച്ചുകീറി കൊന്നു.
വനത്തിൽ നിന്നും ഏറെ അകലെയുള്ള സ്ഥലങ്ങളിൽ പോലും കടുവ എത്തുകയാണ്. കഴിഞ്ഞ ദിവസം മീനങ്ങാടി പഞ്ചായത്തിലെ ചൂതുപാറയിൽ എത്തി. വനവുമായി ഏറെ അകലെയുള്ള സ്ഥലമാണിത്. തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മിനങ്ങാടി ടൗണിനടുത്ത് 54, അമ്പലപ്പടി എന്നിവിടങ്ങളിലും പലതവണ കടുവയും പുലിയും എത്തിയിട്ടുണ്ട്. പൂതാടി, പുൽപള്ളി, നൂൽപുഴ പഞ്ചായത്തുകളിൽ വനമുണ്ട്. അതിനാൽ ഇവിടങ്ങളിൽ കടുവ സാന്നിധ്യം ഒഴിവായ ദിവസങ്ങളില്ല.
എന്നാൽ, വനമില്ലാത്ത സ്ഥലങ്ങളിലേക്കും ഏറെ ദൂരം സഞ്ചരിച്ച് കടുവ എത്തുന്നതാണ് ജനത്തെ ആശങ്കയിലാക്കുന്നത്. കടുവകളുടെ എണ്ണം അത്രമാത്രം കൂടിയിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ. കൃഷിയില്ലാതെ കിടക്കുന്ന സ്വകാര്യ തോട്ടങ്ങളിലൊക്കെ കടുവ താവളമാക്കുകയാണ്. പൂതാടിയിലെ പാമ്പ്ര സ്വകാര്യ -സർക്കാർ പ്ലാന്റേഷനുകൾ, സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പാമ്പ്രയിലെ സർക്കാർ, സ്വകാര്യ പ്ലാന്റേഷനുകൾ അടുത്തടുത്താണ്. രണ്ടുംകൂടി 3000 ഏക്കറോളം വരും.
കടുവകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഇവിടെ എത്താനും തമ്പടിക്കാനും എളുപ്പമാണ്. പ്ലാന്റേഷനിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താം. മീനങ്ങാടി പഞ്ചായത്തിലെ വിവിധ ഇടങ്ങളിലേക്ക് കടുവയെത്തുന്നത് പാമ്പ്ര എസ്റ്റേറ്റ് വഴിയാണ്. ബീനാച്ചിയിലെ മധ്യപ്രദേശ് പ്ലാന്റേഷൻ കൊടുംവനമായി കിടക്കുകയാണ്. ജനവാസ കേന്ദ്രത്തിന് നടുവിലാണ് ഇതിന്റെ സ്ഥാനം. കടുവയ്ക്ക് പുറമേ കരിമ്പുലിയെയും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ കടുവകൾ ഇവിടെ ഉണ്ടെന്നാണ് നാട്ടുകാരും പരിസര പ്രദേശങ്ങളിലുള്ളവരും പറയുന്നത്.
സുൽത്താൻ ബത്തേരി നഗരസഭയിലെ കട്ടയാട്, ദൊട്ടപ്പൻകുളം, പൂതിക്കാട്, മണിച്ചിറ തുടങ്ങിയ ഇടങ്ങളിൽ കടുവ സ്ഥിരമായി എത്തുന്നത് ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. കുപ്പാടി, ചെതലയം വനങ്ങളിൽ നിന്നും ബീനാച്ചി പ്ലാന്റേഷൻ കാട്ടിലേക്ക് കടുവക്ക് പെട്ടെന്ന് എത്താം.
കാട്ടുപന്നി, കാട്ടാട്, മാൻ എന്നിവയൊക്കെ ഇവിടെ ധാരാളമുണ്ട്. കടുവയുടെ സാന്നിധ്യം മനസ്സിലാക്കി ഈ മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങും. പിറകെ കടുവയും നീങ്ങുകയാണ്. തുടർന്നാണ് വളർത്തു മൃഗങ്ങൾ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നത്. പ്ലാന്റേഷനുകൾ വെട്ടിത്തെളിച്ച് കടുവ തങ്ങാനുള്ള സാഹചര്യം ഒഴിവാക്കുക പ്രായോഗികമല്ല. അതിനാൽ കടുവ കൂടുതൽ പ്രദേശങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത വരും ദിവസങ്ങളിലും വർധിക്കും.
കാൽപ്പാടുകൾ നോക്കി കാമറ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കാനുള്ള നടപടികളാണ് സാധാരണ വനം വകുപ്പ് നടത്തുന്നത്. വിവിധ ഇടങ്ങളിൽ കടുവകൾ എത്തുമ്പോൾ കൂടുവെച്ചു പിടികൂടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വിവിധ ചട്ടങ്ങൾ പാലിച്ചേ കടുവയെ കൂടുവെച്ച് പിടികൂടാനാകൂ. പിടികൂടിയാൽ പുനരധിവസിപ്പിക്കുക വലിയ പ്രശ്നമാണ്.
സുൽത്താൻ ബത്തേരി ഒന്നാം മൈലിലെ പരിചരണ കേന്ദ്രത്തിൽ എത്തിച്ചാലും സംരക്ഷിക്കുകയെന്നത് വലിയ ബാധ്യതയാണെന്ന് വനം വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
ജനവാസ കേന്ദ്രത്തിൽ എത്തുന്ന കടുവയെ അതിന്റെ 'പാട്ടിന് വിടുന്ന' സമീപനമായിരിക്കും വനം വകുപ്പ് ഇനിയും തുടരാൻ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

