ബത്തേരി നഗരം വിടാതെ പുലി; ജനം ആശങ്കയിൽ
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തോളമായി സുൽത്താൻ ബത്തേരി നഗരത്തിൽ തങ്ങുന്ന പുലി രണ്ടു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും പുറത്തിറങ്ങി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിനടുത്ത് ഇടവഴിയിലാണ് വെള്ളിയാഴ്ച രാത്രി പുലിയെ കണ്ടത്. കെട്ടിടത്തിനു സമീപത്തെ മതിലിലൂടെ നടന്ന് പുലി റോഡ് മുറിച്ചുകടന്ന് സ്വകാര്യ തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. കോട്ടക്കുന്ന് പുതുശ്ശേരി പോൾമാത്യൂസിന്റെ വീടിനോടു ചേർന്ന് പുലിയെ പിടികൂടാൻ കഴിഞ്ഞദിവസം കൂടുവെച്ചിരുന്നു.
ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെയാണ് സെന്റ് ജോസഫ്സ് സ്കൂൾ. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ശനിയാഴ്ച രാവിലെ ഡി.എഫ്.ഒ അജിത്ത് കെ. രാമൻ ഉൾപ്പെടെയുള്ള വനപാലകസംഘം സെന്റ് ജോസഫ്സ് സ്കൂളിനടുത്ത് തിരച്ചിൽ നടത്തി. പുലിയെ കണ്ടെത്തി വെടിവെച്ചു കൊല്ലണമെന്ന് പ്രദേശവാസികളിൽ ചിലർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത് പ്രായോഗികമല്ലാത്തതിനാലാണ് വനം വകുപ്പ് എത്രയും പെട്ടെന്ന് കൂടുവെക്കാനുള്ള നടപടി സ്വീകരിച്ചത്.
സെന്റ് ജോസഫ്സ് സ്കൂളിനടുത്താണ് രണ്ടാമത്തെ കൂട് വെച്ചിട്ടുള്ളത്. കോട്ടക്കുന്നിൽ കോഴിയെ തേടി ഇടക്കിടെ എത്തിയിരുന്ന പുലി കൂട് വെച്ചതിനുശേഷം അവിടേക്ക് എത്തിയിട്ടില്ല. അതിനാൽ പുലി മുമ്പ് കൂട്ടിൽ അകപ്പെട്ടതാണോ എന്ന് സംശയമുണ്ട്. ജനവാസ കേന്ദ്രത്തിൽനിന്ന് വനം വകുപ്പ് പിടികൂടി പിന്നീട് കാട്ടിൽ ഉപേക്ഷിച്ച പുലിയായിരിക്കാം ഇപ്പോൾ സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുള്ളതെന്നാണ് സംശയം. ഒരുതവണ കൂട്ടിൽ കയറിയ പുലി വീണ്ടും കൂട്ടിൽ കയറാനുള്ള സാധ്യത കുറവാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. കോട്ടക്കുന്ന്, ഫെയർലാൻഡ്, പട്ടരുപാടി, ചുങ്കം, മന്തണ്ടിക്കുന്ന് കവല എന്നിവിടങ്ങളിലെല്ലാം ജനം പുലി ഭീതിയിലാണ്.
കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നുതിന്നു
പുൽപള്ളി: മുള്ളൻകൊല്ലി കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നുതിന്നു. കബനിഗിരിയിൽ പനച്ചിമറ്റത്തിൽ ജോയിയുടെ കൂട്ടിൽനിന്നാണ് പുലി മൂന്നര വയസ്സുള്ള ആടിനെ പിടിച്ചത്. ജോയിയുടെ മൂന്ന് ആടുകളെ മൂന്ന് ദിവസത്തിനകം കൊലപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി പുലി ഭീതിയിലാണ് കബനിഗിരി മരക്കടവ് പ്രദേശം. പുലിയെ പിടികൂടുന്നതിനായി നിരീക്ഷണ കാമറയും കൂടും കബനിഗിരിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടു ചേർന്ന സ്ഥലത്തുനിന്നാണ് പുലി ആടുകളെ പിടികൂടി കൊന്നത്.
പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിലടക്കം പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വനപാലക സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി. എന്നാൽ, പുലിയുടെ കാൽപാടുകളും മറ്റും കണ്ടെത്താൻ കഴിഞ്ഞില്ല. പനച്ചിമറ്റത്തിൽ ജോയിയുടെ മൂന്ന് ആടുകൾക്കുംകൂടി 75000 രൂപയാണ് നഷ്ടപരിഹാരമായി വനംവകുപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ തുക കുറവാണെന്നും ഇത് ഉയർത്തണമെന്നുമാണ് ജോയി പറയുന്നത്. കടുവയെ പിടികൂടണമെന്നും നഷ്ടപരിഹാരതുക ഉയർത്തണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃസമിതി ഭാരവാഹികളായ സുനിൽ പാലമറ്റവും ബീന ജോസും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

