നിഗമനം ശരിയായി; കടുവ ബീനാച്ചി എസ്റ്റേറ്റിലേത്
text_fieldsസുൽത്താൻ ബത്തേരി: കൃഷ്ണഗിരി മേഖലകളിൽ പരിഭ്രാന്തി പരത്തിയ കടുവയുടെ താവളം ബീനാച്ചി എസ്റ്റേറ്റ്. തിങ്കളാഴ്ച തിരച്ചിൽ നടത്തിയ വനം വകുപ്പ് സംഘമാണ് ഇത് സ്ഥിരീകരിച്ചത്.
എസ്റ്റേറ്റിലേക്ക് കടുവ ഓടി പോകുന്നത് തിരച്ചിൽ സംഘം കണ്ടു. 12 ടീമുകളായാണ് തിങ്കളാഴ്ച വനം വകുപ്പ് തിരച്ചിൽ നടത്തിയത്.
ഒരു ടീമിൽ പത്ത് പേരുണ്ടായിരുന്നു. കൃഷ്ണഗിരി, മൈലമ്പാടി, ആവയൽ, റാട്ടക്കുണ്ട്, ചൂരിമലക്കുന്ന് എന്നിവിടങ്ങളിലൊക്കെ തിരച്ചിൽ നടത്തി. ഉച്ചയോടെ കൊളഗപ്പാറ ചൂരിമലക്കുന്നിൽ തിരച്ചിൽ നടത്തിയ സംഘമാണ് കടുവയെ കണ്ടത്. എന്നാൽ വെടിവെക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആയിരുന്നില്ല.
തിങ്കളാഴ്ച രാവിലെ കടുവ തിരച്ചിലിനായി പുറപ്പെടുന്ന വനം വകുപ്പ് സേന
തുടർന്ന് സംഘം കടുവയെ പിന്തുടർന്നു. ബീനാച്ചി എസ്റ്റേറ്റിന് അടുത്ത് വരെ വനപാലകർ എത്തിയെങ്കിലും വനം പോലെ കിടക്കുന്നതിനാൽ അകത്തേക്ക് കടക്കാനായില്ല.
കടുവ ബീനാച്ചി എസ്റ്റേറ്റിലാണ് തങ്ങുന്നതെന്ന് ഉറപ്പായതോടെ വനംവകുപ്പ് സംഘം എസ്റ്റേറ്റിന് കാവൽ ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ്. കടുവ എസ്റ്റേറ്റിന് പുറത്തിറങ്ങാതെ നോക്കുകയാണ് ഇനിയുള്ള ദൗത്യമെന്ന് വനം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
എസ്റ്റേറ്റിന്റെ അതിർത്തി കിലോമീറ്ററുകൾ നീളുന്നതാണ്. അവിടെയൊക്കെ കാവൽ നിന്ന് കടുവ പുറത്തിറങ്ങാതെ നോക്കുക എന്നത് ശ്രമകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

