കടുവക്ക് പകൽ വനത്തിൽ വിശ്രമം, രാത്രി തൊഴുത്തുകൾ തേടിയുള്ള സഞ്ചാരം
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തിലേറെയായി ചീരാൽ മേഖലയിൽ ലോക്ഡൗണിന് സമാനമായ അവസ്ഥയാണ്. സന്ധ്യമയങ്ങിയാൽ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. രാത്രിയായാൽ വീടിന്റെ വാതിലടച്ച് പുറത്തിറങ്ങാതെ ഭീതിയോടെയാണ് ഒരോ വീട്ടുകാരും ദിവസങ്ങൾ തള്ളിനീക്കുന്നത്. ഇടവഴികളിൽ ഒരാളെയും കാണുന്നില്ല. ഓരോ വീട്ടുകാരും രാത്രിയിൽ ഭീതിയോടെ കാതോർക്കുന്നത് കടുവയുടെ മുരൾച്ചക്കാണ്. ചീരാൽ മേഖലയിൽ വീടിനുള്ളിൽ ടോയ്ലറ്റ് സൗകര്യമുള്ള വീടുകളും കുറവാണ്. പുറത്ത് ടോയ് ലറ്റുള്ള വീട്ടുകാർക്ക് രാത്രിയിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
പകൽ വനത്തിൽ തങ്ങുന്ന കടുവ രാത്രി ജനവാസ കേന്ദ്രത്തിലേക്കിറങ്ങുകയാണ്. ഞായറാഴ്ച ഒരു പശു കൂടി ചത്തതോടെ കടുവ വകവരുത്തിയ പശുക്കളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരിവള്ളി പരിയാപുരത്ത് ജൈസിയുടെ പശുവാണ് ചത്തത്. കറവയുള്ള പശുവാണിത്. കടുവ നരഭോജിയാകുന്നതിനുമുമ്പ് പിടികൂടാൻ വനം വകുപ്പിനാകുമോ എന്നതാണ് ചീരാൽ, വല്ലത്തൂർ, ആശാരിപ്പടി, കരിവള്ളി, പഴൂർ, കണ്ടാർമല പ്രദേശത്തുള്ളവർ ചോദിക്കുന്നത്.
രാത്രി ജനവാസ കേന്ദ്രങ്ങളിലെ സഞ്ചാരത്തിന് ശേഷം ബത്തേരി-പാട്ടവയൽ റോഡ് മറികടന്നാണ് കടുവ കാട്ടിലേക്ക് തിരിച്ചുപോകുന്നത്. ഈ റോഡിൽ ശക്തമായ നിരീക്ഷണമേർപ്പെടുത്തിയാൽ കടുവയെ വെടിവെക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. അടുത്ത ദിവസങ്ങളിലൊന്നും കടുവ കാര്യമായി ഇര തേടിയിട്ടില്ല. വിശപ്പ് കൂടുന്ന മുറക്ക് വളർത്തുമൃഗങ്ങളെ ആക്രമിക്കുമെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്. കൂടുകളിലെ മൂരി കിടാവിനെ കടുവ പിടിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.
സുൽത്താൻ ബത്തേരി: കടുവയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ രണ്ട് പശുക്കളെ തിങ്കളാഴ്ച പൂക്കോട് വെറ്ററിനറി കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകും. ഇതിനായി വെറ്ററിനറി കോളജിലെ സംഘം ചീരാലിൽ ക്യാമ്പ് ചെയ്യുകയാണ്. അയ്യൻചോല വേലായുധന്റെ ഉടമസ്ഥതയിലുള്ളതാണ് പരിക്കേറ്റ പശുക്കൾ.
വനം ഓഫീസിലേക്ക് മാർച്ച് നടത്തും
സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിൽ ഭീതിപടർത്തുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ക്ഷീര സംഘത്തിലെ കർഷകർ പഴൂർ വനം ഓഫിസിലേക്ക് ചൊവ്വാഴ്ച രാവിലെ പത്തിന് മാർച്ചും ധർണയും നടത്തും.
കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി പശുക്കളെ ആക്രമിക്കുന്നത് ക്ഷീരകർഷകരെയാണ് ദുരിതത്തിലാക്കുന്നത്. ഇതുവരെ ഒമ്പതലധികം പശുക്കളെയാണ് ആക്രമിച്ചത്. കടുവയുടെ ആക്രമണത്തിനിരയായ പശുക്കളുടെ ഉടമകളായ ക്ഷീര കർഷകരുടെ വീടുകളിൽ സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, സെക്രട്ടറി പി.പി. വിജയൻ, വൈസ് പ്രസിഡന്റ് ഗോപീദാസ്, ഡയറക്ടർമാരായ ബേബി വർഗീസ്, എബി ജോസഫ് എന്നിവർ സന്ദർശിച്ചു.
കൃഷ്ണഗിരിയിലെ കടുവ അക്രമണം; വനം വകുപ്പിന്റെ അനാസ്ഥയെന്ന് യൂത്ത് കോൺഗ്രസ്
സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കൃഷ്ണഗിരിയിലും മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമിറങ്ങിയ കടുവയെ പിടികൂടാന്‍ കഴിയാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ക്ഷീര കർഷകരും വിദ്യാർഥികളും പൊതുജനങ്ങളും നാളുകളായി ഭീതിയിലാണെന്നും കാര്‍ഷിക മേഖയില്‍ ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായിരിക്കുന്നു. എന്നാൽ, കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉടന്‍ അനുവദിക്കുന്നില്ല. കടുവയെ പിടികൂടി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. അനീഷ് റാട്ടക്കുണ്ട്, മനു മീനങ്ങാടി, ലിന്റോ കെ. കുര്യാക്കോസ്, ജസ്റ്റിൻ പി. ജോഷ്വ, ബെസ്റ്റിൻ ജോസഫ്, പി.സി. അരുൺ, വി.സി. ബിജു എന്നിവർ സംസാരിച്ചു.
വന്യമൃഗശല്യത്തിനെതിരെ കിസാൻ സഭ സത്യാഗ്രഹം
സുൽത്താൻ ബത്തേരി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിൽ ഒക്ടോബർ 20ന് രാവിലെ പത്ത് മുതൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സത്യഗ്രഹ സമരം നടത്തും. ചീരാൽ മേഖലയിൽ കടുവ നിത്യേന വളർത്തുമൃഗങ്ങളെ കൊന്നു തിന്ന് ഭീതി പടർത്തുകയാണ്. ജില്ലയിലെ മറ്റിടങ്ങളിലും കടുവയുടെ സാന്നിധ്യം പതിവായി.
അടിയന്തര നഷ്ടപരിഹാരം കാലോചിതമായ മാറ്റത്തിന് വിധേയമാക്കി നൽകുക, കാടും നാടും വേർതിരിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുക, പഴൂർ മുതൽ കാപ്പാട് വരെ തൂക്കുവേലി നിർമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് കിസാൻ സഭ ജില്ല പ്രസിഡന്റ് പി.എം. ജോയി, സെക്രട്ടറി അംബി ചിറയിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

