പാമ്പ്രയിൽ കടുവ
text_fieldsസുൽത്താൻ ബത്തേരി: പാമ്പ്ര വനമേഖലയിൽ കടുവ സാന്നിധ്യം പതിവായതോടെ പുൽപള്ളി -ബത്തേരി റൂട്ടിൽ യാത്രക്കാർക്ക് ജീവൻ പണയപ്പെടുത്തേണ്ട സ്ഥിതി.
വ്യാഴാഴ്ച വൈകീട്ട് സുൽത്താൻ ബത്തേരിയിലെ സഹകരണ ബാങ്ക് ജീവനക്കാരി കടുവയുടെ മുന്നിൽനിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ ഭാഗത്ത് മാസങ്ങളായി കടുവ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആറരയോടടുത്ത സമയത്ത് സ്കൂട്ടറിൽ ഇരുളം ഭാഗത്തേക്ക് പോകുമ്പോഴാണ് ബാങ്ക് ജീവനക്കാരി ഷീജയുടെ മുന്നിൽ കടുവ എത്തിയത്. മുന്നിൽ പോയ ബൈക്ക് യാത്രക്കാരൻ തലനാരിഴക്ക് കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നത് ഷീജ കണ്ടു.
ട്രാവലർ വാഹനം വന്നതിനാൽ കടുവ കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. അല്ലെങ്കിൽ താൻ കടുവയുടെ ആക്രമണത്തിന് ഇരയാകുമായിരുന്നെന്ന് ഷീജ പറഞ്ഞു.
പാമ്പ്രയിൽ ഒരുവശത്ത് സ്വകാര്യ എസ്റ്റേറ്റും മറുവശത്ത് വനവുമാണ്. സ്വകാര്യ എസ്റ്റേറ്റും വനംപോലെയാണ് കിടക്കുന്നത്. സ്വകാര്യ എസ്റ്റേറ്റിനോട് ചേർന്ന് പാമ്പ്ര സർക്കാർ തോട്ടമുണ്ട്. സർക്കാർ തോട്ടത്തിൽ കടുവ ഇടക്കിടെ എത്താറുണ്ട്.
പൂതാടി പഞ്ചായത്തിലെ പാമ്പ്ര വനത്തോട് ചേർന്ന ഭാഗത്തുവെച്ചാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് വനപാലകരെ കടുവ ആക്രമിച്ചത്. ആ കടുവതന്നെയാണ് പുൽപള്ളി റോഡിൽ എത്തിയതെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

