മൈലമ്പാടിയിൽ താവളമാക്കി കടുവ; തിരഞ്ഞുമടുത്ത് വനംവകുപ്പ്
text_fieldsവന്യമൃഗം ആക്രമിച്ചുകൊന്ന ചുളിക്ക പനങ്ങാടൻ
ഇബ്രാഹീമിന്റെ പശു
സുൽത്താൻ ബത്തേരി: മൈലമ്പാടി പ്രദേശത്ത് കടുവ താവളമാക്കിയിട്ട് ഒരുമാസത്തോളമായിട്ടും തുരത്താനുള്ള നടപടി എങ്ങുമെത്തിയില്ല. ചൊവ്വാഴ്ച പ്രദേശത്തെ ക്ഷീരകർഷകന്റെ പശുവിനെ ആക്രമിച്ചു. ഉടൻ പിടികൂടുമെന്നാണ് വനംവകുപ്പ് ആവർത്തിക്കുന്നത്. മൈലമ്പാടി മണ്ഡകവയല്‍ പൂളക്കടവ് ബാലകൃഷ്ണന്റെ കറവപ്പശുവിനെയാണ് ഒടുവിൽ ചൊവ്വാഴ്ച വെളുപ്പിന് ആക്രമിച്ചത്. മണ്ഡകവയലിലെ നെരവത്ത് ബിനുവിന്റെ വീടിനോടനുബന്ധിച്ചുള്ള സി.സി.ടി.വി കാമറയിലാണ് കഴിഞ്ഞ ബുധനാഴ്ച കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഒരാഴ്ചയായി കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കാടുപിടിച്ചുകിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ തങ്ങുന്നതെന്ന് സൂചനയുണ്ട്. ഇത്തരം തോട്ടങ്ങൾ ഇവിടെ ധാരാളമാണ്. കടുവയെ നിരീക്ഷിച്ച് സ്വഭാവം മനസ്സിലാക്കിയതിന് ശേഷം കൂടുവെക്കാനുള്ള കണക്കുകൂട്ടലിലാണ് വനംവകുപ്പ്. ഇതിനായി ഒരാഴ്ചമുമ്പ് തോട്ടങ്ങളിൽ കാമറ സ്ഥാപിച്ചു. കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസ്സിലാക്കിയതിനുശേഷമേ കൂട് വെക്കാൻ സാധ്യതയുള്ളൂ. പ്രായം കൂടുതലുള്ള, ആരോഗ്യം കുറവുള്ള കടുവകൾ മാത്രമേ കൂട്ടിൽ കയറാൻ സാധ്യതയുള്ളൂവെന്നാണ് വനംവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. കെട്ടിയിട്ട മൃഗത്തെ ഭക്ഷണമാക്കാൻ ഇത്തരം കടുവകളേ ശ്രമിക്കൂ.
ക്ഷീരകർഷകർ ഏറെയുള്ള പ്രദേശമാണ് മൈലമ്പാടി. ഒരു മാസത്തോളമായി കടുവയുടെ സാന്നിധ്യത്തിൽ ഇവിടത്തെ ജനങ്ങൾ ഭയപ്പാടിലാണ്. പുല്ലരിയാൻ പോകുന്നവർക്ക് ജീവൻ പണിയപ്പെടുത്തേണ്ട സ്ഥിതിയാണ്. പാമ്പ്ര, മൈലമ്പാടി, പുല്ലുമല പ്രദേശങ്ങളിൽ സ്വകാര്യ പ്ലാന്റേഷനുകൾ ഏറെയുണ്ട്. ഇവിടെയെത്തുന്ന കടുവകൾ കാട്ടിലേക്ക് തിരിച്ചുപോകാത്തതിന് കാരണവും ഇതാണ്. മൂന്നുദിവസം മുമ്പ് കൊളഗപ്പാറയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കാണാതായിരുന്നു. കടുവ കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. പുല്ലുമല, മൈലമ്പാടി പ്രദേശങ്ങളിൽനിന്ന് കൊളഗപ്പാറയിലേക്ക് കൂടുതൽ ദൂരമില്ല.
കടുവ ശല്യം; വനം മന്ത്രിക്ക് എം.എൽ.എയുടെ കത്ത്
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങളിലെ കടുവയുടെ സാന്നിധ്യത്തിന് പരിഹാരം കാണാൻ ഉന്നതതലയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകി. സുൽത്താൻ ബത്തേരി താലൂക്കിലെ ജനവാസ കേന്ദ്രങ്ങളായ വിവിധ പ്രദേശങ്ങളിലേക്ക് കടുവ ഇറങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
കടുവ നിരവധി മനുഷ്യ ജീവനുകളെയും വളര്‍ത്തുമൃഗങ്ങളെയും അപായപ്പെടുത്തിയ സാഹചര്യവും നിലവിലുണ്ട്. ജീവനോപാധിയായ പശു, ആട് തുടങ്ങിയ മൃഗങ്ങളെ കടുവ കൊന്നൊടുക്കുന്നതിലൂടെ കര്ഷകന് വന്‍സാമ്പത്തിക നഷ്ടമുണ്ടാകുന്നു. തക്കതായ നഷ്ടപരിഹാരം സര്‍ക്കാറില്‍ നിന്നും ലഭ്യമാകുന്നുമില്ല. കാടും, നാടും വേര്‍തിരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി മേല്‍ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിനും സർക്കാർ തയാറാകണം. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
എട്ടുമാസം ഗർഭിണിയായ പശുവിനെ കൊന്നു
മേപ്പാടി: ഗ്രാമപഞ്ചായത്ത് 13ാം വാർഡ് ചുളിക്കയിൽ എട്ടു മാസം ഗർഭിണിയായ പശുവിനെ പുലിയെന്ന് സംശയിക്കുന്ന വന്യമൃഗം കൊന്ന് ഭക്ഷിച്ചു. ചുളിക്ക എസ്റ്റേറ്റിൽ പനങ്ങാടൻ വീട്ടിൽ ഇബ്രാഹീമിന്റെ മേയാൻ വിട്ട പശുവിനെയാണ് കഴിഞ്ഞദിവസം വന്യമൃഗം കൊന്ന് പാതി ഭക്ഷിച്ചശേഷം ഉപേക്ഷിച്ചുപോയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇബ്രാഹീമിന്റെ രണ്ടാമത്തെ പശുവാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പനങ്ങാടൻ ഇബ്രാഹീമിന്റെതന്നെ അഞ്ചു പശുക്കളെയാണ് വന്യമൃഗങ്ങൾ കടിച്ചുകൊന്നത്. ഇതിൽ രണ്ട് പശുക്കൾക്ക് മാത്രമേ പരിമിതമായ നഷ്ടപരിഹാരം ലഭിച്ചുള്ളൂ.
പ്രദേശത്ത് പശുക്കളെയും ആടുകളെയും വളർത്തി ഉപജീവനം കഴിക്കുന്ന നിരവധി കർഷകരുണ്ട്. അവരെല്ലാം കടുത്തഭീതിയിലാണ്. മറ്റുപലർക്കും ഇതുപോലെ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ വനംവകുപ്പധികൃതർ പ്രദേശത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. ആക്രമണകാരിയായ മൃഗം പുലിയോ കടുവയോ എന്ന് തിരിച്ചറിയാമെന്നല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതെ പ്രതിരോധിക്കാനുള്ള നടപടിയുണ്ടാകണമെന്നതാണ് പ്രദേശത്തുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

