ജനവാസ മേഖലയിലെ കടുവ സങ്കേതമായി ബീനാച്ചി എസ്റ്റേറ്റ്
text_fieldsസുൽത്താൻ ബത്തേരി: ജനവാസ മേഖലയിലെ കടുവ സങ്കേതം പോലെയാണ് ബീനാച്ചി എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ. റിസർവ് വനം പോലെ കിടക്കുന്ന എസ്റ്റേറ്റിൽ ഒന്നിൽ കൂടുതൽ കടുവകളുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഉടമസ്ഥരായ മധ്യപ്രദേശ് സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. എസ്റ്റേറ്റ് പരിസരപ്രദേശങ്ങളിൽ രണ്ടു വർഷത്തിലേറെയായി കടുവ ശല്യം അതിരൂക്ഷമാണ്. ബീനാച്ചി മുതൽ കൊളഗപ്പാറ വരെയും നടവയൽ റോഡിൽ ബീനാച്ചി മുതൽ ആരിവയൽ വരെയുമാണ് എസ്റ്റേറ്റ് നീണ്ടുകിടക്കുന്നത്. സിസി, മടൂർ, പുല്ലുമല, യൂക്കാലിക്കവല, മണ്ഡകവയൽ, മൈലമ്പാടി, ആവയൽ, കൃഷ്ണഗിരി, പാതിരിപ്പാലം എന്നിവിടങ്ങളിലൊക്കെ എത്തുന്ന കടുവ ബീനാച്ചി എസ്റ്റേറ്റിലാണ് തവളമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച ചൂരിമലക്കുന്നിൽ കടുവയെ പിന്തുടർന്ന വനംവകുപ്പ് സേന കടുവ എസ്റ്റേറ്റിലേക്ക് പോകുന്നത് സ്ഥിരീകരിച്ചിരുന്നു. ഇതിനുമുമ്പും ഇത്തരം സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരസഭയിലെ പൂതിക്കാട്, മണിച്ചിറ, ദൊട്ടപ്പൻകുളം, കൈവെട്ടമൂല, മന്ദംകൊല്ലി, പഴുപ്പത്തൂർ, കട്ടയാട് ഭാഗങ്ങളിൽ ഇടക്കിടെ കടുവ സാന്നിധ്യം ഉണ്ടാകാറുണ്ട്.
ബീനാച്ചി എസ്റ്റേറ്റ് - കേണിച്ചിറ റോഡിൽ നിന്നുള്ള ദൃശ്യം
ഈ ഭാഗങ്ങളിലേക്ക് കടുവ എത്തുന്നതും എസ്റ്റേറ്റിൽ നിന്നാണെന്ന് ഏറേക്കുറെ ഉറപ്പാണ്. രണ്ടുവർഷം മുമ്പ് പൂതിക്കാട് ഭാഗത്ത് എത്തിയ കടുവയെയും കുഞ്ഞുങ്ങളെയും എസ്റ്റേറ്റിലേക്ക് കയറ്റിവിട്ടിരുന്നു. അന്നും എസ്റ്റേറ്റിനകത്തേക്ക് കയറിയുള്ള തിരച്ചിലിന് വനംവകുപ്പ് സന്നദ്ധമായില്ല. ആ കടുവയും കുഞ്ഞുങ്ങളും എവിടെയെന്ന് പിന്നീട് ഒരു വിവരവുമില്ല. കഴിഞ്ഞവർഷം മന്ദംകൊല്ലിക്കടുത്ത് കിണർ കുഴിയിൽ കടുവക്കുഞ്ഞ് വീണിരുന്നു. അതിനെ രക്ഷപ്പെടുത്തി പിന്നീട് കുപ്പാടി വനത്തിൽ വിട്ടിരുന്നു.
കാപ്പിത്തോട്ടമാണെങ്കിലും വനം പോലെയാണ് എസ്റ്റേറ്റിന്റെ നിലവിലെ അവസ്ഥ. കുറെ വർഷമായി ഇവിടെ തോട്ടവുമായി ബന്ധപ്പെട്ട ജോലികൾ ഒന്നും നടക്കുന്നില്ല. മാൻ, കാട്ടാട്, കാട്ടുപന്നി എന്നിവയും എസ്റ്റേറ്റിനകത്തുണ്ട്. അരുവികൾ, പാറയിടുക്ക് എന്നിവയൊക്കെയുള്ളതിനാൽ കാട്ടുമൃഗങ്ങൾ കൂടുതൽ കാലം തങ്ങാനുള്ള സാഹചര്യമുണ്ടെന്ന് പരിസരവാസികൾ അഭിപ്രായപ്പെടുന്നു. ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം ഒരു വർഷം മുമ്പ് സർക്കാർ തലത്തിൽ നടന്നിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഉണ്ടായില്ല. കേരള സർക്കാറിന്റെ ഉടമസ്ഥതയിലേക്ക് വന്നാൽ എസ്റ്റേറ്റിൽ മാറ്റങ്ങൾ വരുത്താനാകും. അതിനുമുമ്പ് കടുവകൾക്കായി എസ്റ്റേറ്റിനുള്ളിൽ അരിച്ചുപെറുക്കിയുള്ള തിരച്ചിലിന് വനം വകുപ്പ് തയാറാകുമോ എന്നതാണ് സംശയം. എസ്റ്റേറ്റിനുള്ളിൽ നിന്ന് കടുവകളെ പൂർണമായി തുരത്തിയാൽ മീനങ്ങാടി പഞ്ചായത്ത്, ബത്തേരി മുനിസിപ്പാലിറ്റി പരിധിയിൽപെട്ട പ്രദേശങ്ങളിലെ കടുവ പ്രശ്നം പരിഹരിക്കപ്പെടാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

