ബത്തേരിയിലെ പുലി; വനം വകുപ്പിന്റേത് വലിയ അനാസ്ഥ
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലി ചുറ്റി സഞ്ചരിക്കുമ്പോൾ പിടികൂടാനുള്ള നടപടിയെടുക്കാതെ വനംവകുപ്പ്. സൂക്ഷിച്ചില്ലെങ്കിൽ പുലിക്ക് ഭക്ഷണമാകുമെന്ന സ്ഥിതിയാണ് ഇപ്പോൾ ബത്തേരിയിലുള്ളത്. എന്നിട്ടും വനംവകുപ്പ് നിസ്സംഗത തുടരുകയാണെന്നാണ് വലിയ ആക്ഷേപം.
മൂന്നാഴ്ച മുമ്പാണ് താലൂക്കാശുപത്രി സ്ഥിതി ചെയ്യുന്ന ഫയർലാൻഡ് കോളനിയിൽ പുലിയെത്തിയത്. അതിനുശേഷം പരിസരത്ത് ചെറിയ തിരച്ചിൽ വനംവകുപ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുലി കോട്ടക്കുന്ന് ഭാഗത്തേക്ക് നീങ്ങി. കോട്ടക്കുന്നിലെ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപത്തെ വീട്ടിലാണ് പുലി കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പലതവണയെത്തിയത്.
ഒടുവിൽ ഞായറാഴ്ച വെളുപ്പിനും പുലി എത്തിയതോടെ നഗരസഭയും പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പുലിയെ ഉടൻ പിടികൂടണം എന്നാവശ്യപ്പെട്ട് കോട്ടക്കുന്നിലെ വീട്ടുടമ ഹൈകോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തതായും അറിയുന്നു.
കോട്ടക്കുന്ന്, ഫെയർലാൻഡ്, ചുങ്കം എന്നിവയൊക്കെ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളാണ്. രാത്രികാലങ്ങളിലും ഈ പ്രദേശങ്ങളിൽ ആളൊഴിയാറില്ല. ഞായറാഴ്ച വെളുപ്പിന് പുലി മന്തണ്ടിക്കുന്നിലെ ഹൗസിങ് കോളനി ഭാഗത്തേക്ക് നീങ്ങിതായാണ് പരിസരവാസികൾ പറഞ്ഞത്.
അങ്ങനെയെങ്കിൽ ദേശീയപാത മുറിച്ചു കടന്നാണ് പുലിയുടെ സഞ്ചാരം. രാത്രി ഏറെ വൈകിയും കാൽനട യാത്രക്കാരും ബൈക്ക് യാത്രികരും ഏറെയുള്ള പാതയാണിത്. പുലി വനത്തിലേക്ക് തിരികെ പോകാതെ പ്രദേശത്തുതന്നെ തമ്പടിക്കുകയാണെന്നാണ് സൂചന. കോട്ടക്കുന്നിലെ കോഴിക്കൂടിനടുത്ത് മുമ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിൽ പുലി കൂട്ടിലാകാനുള്ള സാധ്യത ഏറെയുണ്ടായിരുന്നു.
പുലിയെ ഉടൻ പിടികൂടണമെന്ന് നഗരസഭ
സുൽത്താൻ ബത്തേരി: നഗരസഭയുടെ 15, 20 ഡിവിഷനുകളിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഭീതി വിതക്കുന്ന പുലിയെ ഉടൻ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേശ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് ചെയർമാൻ കത്തു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

