മീനങ്ങാടിയിൽ കൂട്ടിലായ കടുവയെ തുറന്നുവിടും; കുങ്കിയാനകളെ എത്തിച്ചു
text_fieldsകൽപറ്റ: മീനങ്ങാടി പഞ്ചായത്തിലെ മണ്ഡകവയലിൽ സ്ഥാപിച്ച കൂട്ടിലായ കടുവയെ തുറന്നുവിടാൻ വനംവകുപ്പ് തീരുമാനിച്ചു. കടുവയെ തുറന്നുവിടുന്നതിനായി മുത്തങ്ങയിൽനിന്ന് രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. സീസി, മണ്ഡകവയൽ, മൈലമ്പാടി, മടൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ആഴ്ചകളായി ഭീതിപരത്തിയ കടുവയുടെ അഞ്ചു മാസം പ്രായമുള്ള കടുവ കുഞ്ഞാണ് കൂട്ടിലകപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവക്കുഞ്ഞ് കുടുങ്ങിയത്.
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പിടിച്ചുവെച്ചാൽ തള്ളക്കടുവ ആക്രമണകാരിയാകും എന്ന വിലയിരുത്തലിലാണ് തുറന്നവിടാൻ തീരുമാനിച്ചത്. കൂടിന് സമീപമായി തള്ളക്കടുവയും മറ്റൊരു കുഞ്ഞും പുറത്തുണ്ടെന്നും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പിടിച്ചുവെക്കുന്നത് അപകടകരമാണെന്നുമുള്ള വിലയിരുത്തലിലാണ് വനം വകുപ്പ്. നേരത്തെ വാകേരിയിൽ നിന്ന് കാട്ടിലേക്ക് ഓടിച്ചുവിട്ട കടുവക്കൂട്ടത്തിലെ ഒരു കടുവയാണ് കൂട്ടിലായത്. കൂട്ടിന് സമീപമായി തള്ള കടുവ നിലയുറപ്പിച്ചതും തുറന്നുവിടുന്നതിന് കാരണമായി. ആഴ്ചകളായി പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് വാകേരിയിൽ നിന്ന് തള്ളക്കടുവയേയും രണ്ട് കുഞ്ഞുങ്ങളേയും കാട്ടിലേക്ക് ഓടിച്ചുവിട്ടിരുന്നു. ഈ കൂട്ടത്തിലെ കുഞ്ഞുതന്നെയാണ് പിടിയിലായതെന്നതിനാൽ കുഞ്ഞിനെ തുറന്നുവിട്ടാൽ കടുവക്കൂട്ടം വീണ്ടും നാട്ടിലിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

