എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ മുത്തങ്ങയിൽ പിടിയിൽ. ബേപ്പൂർ നടുവട്ടം കെ. അഭിലാഷ് (44), നടുവട്ടം അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയൽ അബ്ദുൽ മഷൂദ് (22) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. 53.48 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ വലയിലായത്.
അബ്ദുൽ മഷൂദ് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഏഴോളം മോഷണക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ്. അദീബ് മുഹമ്മദ് സ്വാലിഹ് വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തിയ കേസിലും ഉൾപ്പെട്ടയാളാണ്. കർണാടക ഭാഗത്തുനിന്ന് വരുകയായിരുന്ന ഇവർ സഞ്ചരിച്ച കെ.എൽ 56 എക്സ് 6666 നമ്പർ കാർ നിർത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. അഭിലാഷിന്റെ വസ്ത്രത്തിനുള്ളിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എംഎ. വിൽപനക്കായി ബംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു. ലഹരിയുടെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. സുൽത്താൻ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിഷോർ സണ്ണി, സി.പി.ഒമാരായ ദിവാകരൻ, ലബനാസ്, സിജോ ജോസ്, പ്രിവിൻ ഫ്രാൻസിസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

