യുവാവിനെ വീട്ടിൽകയറി വെട്ടിയ സംഭവം: ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കൂടി പിടിയിൽ
text_fieldsവരദരാജൻ, അശ്വതമൻ, മണികണ്ഠൻ
മീനങ്ങാടി: കരണിയിൽ വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെ തമിഴ് നാട്ടിലെ തേനിയിൽ നിന്നും തൃച്ചിയിൽ നിന്നും പൊലീസ് പിടികൂടി. തേനി കോട്ടൂർ സ്വദേശി വരദരാജൻ (34), തേനി അല്ലിനഗരം സ്വദേശി അശ്വതമൻ എന്ന അച്യുതൻ (23), ത്രിച്ചി കാട്ടൂർ അണ്ണാനഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരെയാണ് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വരതരാജനും അശ്വതമനും തമിഴ് നാട്ടിലെ ജെല്ലിക്കെട്ട്, കോഴിപ്പോര് എന്നിവയുമായി ബന്ധപ്പെട്ടും മറ്റും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 13ന് പുലർച്ചയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി രാത്രി വീട് ചവിട്ടിപ്പൊളിച്ചു പിതാവിനെ കെട്ടിയിട്ട് കരണി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി പറമ്പിൽ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കർണി പറമ്പിൽ കെ.എ. അഷ്ബിൻ (26), കമ്പളക്കാട് കല്ലപറമ്പിൽ കെ.എം. ഫഹദ് (28) എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജില്ല പൊലീസ് മേധാവി പദം സിങ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മീനങ്ങാടി ഇൻസ്പെക്ടർ ബിജു ആൻറണി, സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ എം.എ സന്തോഷ്, എസ്.ഐ ഹരീഷ് കുമാർ, എ.എസ്.ഐ ബിജു വർഗീസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

