'തൊണ്ടാർ ഡാം പദ്ധതി ഞങ്ങൾക്കു വേണ്ട'; സമരസംഗമത്തിൽ പ്രതിഷേധമിരമ്പി
text_fieldsതൊണ്ടാർ ഡാം പദ്ധതിക്കെതിരായ സമരസംഗമം മൂളിത്താട് എ.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ പരിസ്ഥിതി പ്രവർത്തകൻ
കെ. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു
മൂളിത്തോട്: തൊണ്ടാർ ഡാം പദ്ധതി 'ഞങ്ങൾക്കു വേണ്ട' എന്ന മുദ്രാവാക്യമുയർത്തി എടവക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ മൂളിത്താട് എ.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ സമരസംഗമം നടത്തി. ഉച്ചയോടെ വിവിധ ആക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടക്കം നഗരിയിലെത്തിയത്. വയനാടിെൻറ ആവാസവ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവും തകര്‍ത്ത് തൊണ്ടാറില്‍ അണ കെട്ടാന്‍ അനുവദിക്കിെല്ലന്ന് ജനങ്ങൾ പ്രതിജ്ഞയെടുത്തു.
450 കോടി രൂപ മുടക്കി തൊണ്ടാറിൽ അണകെട്ടുന്നതിെൻറ യുക്തിയും ശാസ്ത്രീയ അടിത്തറയും പ്രദേശവാസികൾക്ക് അറിയാൻ അവകാശമുണ്ട്. ജില്ലയിലെ രണ്ടു വൻ അണക്കെട്ടുകളുടെ സാമൂഹിക ഓഡിറ്റിങ് നടത്തണം. കാരാപ്പുഴ പദ്ധതി വരുേമ്പാൾ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല. ബാണാസുര ജലസംഭരണിയുടെ 30 ശതമാനം കൃഷിക്ക് നൽകണമെന്ന് സെൻട്രൽ വാട്ടർ കമീഷന് കൊടുത്ത വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പകരം കോടികളുടെ അഴിമതിയാണ് പുറത്തുവന്നത്. പദ്ധതിപ്രദേശത്ത് ഡാം സർവേ അനുവദിക്കില്ല. പദ്ധതിയെക്കുറിച്ച് ജനങ്ങളിൽ ഹിതപരിശോധനക്ക് അധികൃതർ തയാറാവണമെന്നും സമരസംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് ലോകം വൻകിട അണക്കെട്ടുകൾ തള്ളിക്കളയുമ്പോൾ നമ്മളും വികസന കാഴ്ചപ്പാടുകൾക്ക് പുതിയ ആഖ്യാനങ്ങൾ കാണേണ്ടതുണ്ട്. പദ്ധതി ബാധിതരായ ആളുകളെ അധികൃതർ കൃത്യമായി കേൾക്കണം. പദ്ധതിയെപ്പറ്റി കൃത്യമായ ധാരണ നൽകാതെയുള്ള പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ഫാദർ സ്റ്റീഫൻ മാത്യു അധ്യക്ഷത വഹിച്ചു. സമരസമിതി കോഓഡിനേറ്റർ എസ്. ഷറഫുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. വി. അബ്ദുല്ല ഹാജി സമരപ്രഖ്യാപനം നടത്തി.
എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി. പ്രദീപ് മാസ്റ്റർ, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി, വയനാട് പ്രകൃതി സംരക്ഷണ സമിതി നേതാവ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, ഷബീറലി വെള്ളമുണ്ട, ജില്ല പഞ്ചായത്ത് മെംബർ കെ. വിജയൻ, യു.സി. ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.വി. വിജോൾ, പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ലത വിജയൻ, പി.പി. മൊയ്തീൻ, ബ്രാൻ അഹമ്മദ്കുട്ടി, ജോർജ് പടക്കൂട്ടിൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആർ. രവീന്ദ്രൻ സ്വാഗതവും കെ. റഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

