46 കൊല്ലങ്ങൾ താണ്ടിയ ഈ ചുവരെഴുത്തിലുണ്ട് ഇന്ദിരയുടെ ആ തിരിച്ചുവരവ്
text_fieldsഎരുമക്കൊല്ലിയിലെ കെട്ടിടത്തിൽ 1980ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത്
കൽപറ്റ: എല്ലാം തകർത്തെറിഞ്ഞ ഉരുൾപൊട്ടലിന്റെ ഭീകരത മാത്രമല്ല, കൊല്ലങ്ങൾ ഒരുപാടു കഴിഞ്ഞിട്ടും തകരാത്ത ഒരു ചുവരെഴുത്തിന്റെ കഥകൂടി പറയാനുണ്ട് വയനാട്ടിലെ മേപ്പാടി എന്ന ദേശത്തിന്. മേപ്പാടി ടൗണിനടുത്ത എരുമക്കൊല്ലി ചെമ്പ്ര എസ്റ്റേറ്റിലെ രണ്ടാം നമ്പർ പാടിയിലാണ് 1980ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് 46 വർഷങ്ങൾക്കിപ്പുറവും തലയുയർത്തി നിൽക്കുന്നത്. ഇന്ദിര ഗാന്ധിക്ക് വീണ്ടും അധികാരത്തിലേക്ക് വഴിതുറന്ന തെരഞ്ഞെടുപ്പായിരുന്നു ഏഴാമത് ലോക്സഭയിലേക്ക് അന്നു നടന്നത്.
കോഴിക്കാട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു പണ്ട് കൽപറ്റയും. സി.പി.എമ്മിലെ ഇ.കെ. ഇമ്പിച്ചിബാവയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന അരങ്ങിൽ ശ്രീധരനും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഐക്യമുന്നണിയുടെ സ്ഥാനാർഥി ജനതപാർട്ടി (ജെ.എൻ.പി) നേതാവായ അരങ്ങിൽ ശ്രീധരന് വേണ്ടിയാണ് മേപ്പാടി സ്വദേശിയായ പി.പി. ഹംസ ആ ചുവരെഴുതിയത്. 7,05,630 വോട്ടർമാരായിരുന്നു ആകെ. പൊരിഞ്ഞ പോരിനൊടുവിൽ 40,695 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇമ്പിച്ചിബാവ ജയിച്ചുകയറി.
അരങ്ങിലിന്റെ ചിഹ്നം ‘കലപ്പയേന്തിയ കർഷകൻ’ ആയിരുന്നു. ചുവരെഴുത്തിലെ ചിഹ്നമടക്കം കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയി. ‘മാർക്സിസ്റ്റ് പാർട്ടിയെ വിജയിപ്പിച്ചാൽ ഭാരത നാടിനാപത്ത്...’ തുടങ്ങിയ എഴുത്തുകൾ തെളിമയോടെ നിൽക്കുന്നു. മൂന്നു മുറികളുള്ള ഈ ഓടു കെട്ടിടത്തിൽ പോസ്റ്റ് ഓഫിസ് മാത്രമാണ് ഇപ്പോഴുള്ളത്. അന്നത്തെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതോടെ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ കോൺഗ്രസ് സർക്കാർ 1980 ജനുവരി 14ന് അധികാരമേറ്റു. പിന്നീട് കൊല്ലപ്പെടുന്നതുവരെ ഇന്ദിര സ്ഥാനത്ത് തുടർന്നു. 46 കൊല്ലങ്ങൾക്കിപ്പുറവും താൻ എഴുതിയ ആ ചുവരെഴുത്ത് ചൂണ്ടിക്കാണിക്കുമ്പോൾ പി.പി. ഹംസക്കും സന്തോഷമേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

