ഗൂഡല്ലൂർ: നാട്ടുകാരുമായി ഇണങ്ങിയതോടെ കാട്ടുകൊമ്പൻ നാട്ടിലെ നിത്യസന്ദർശകനാവുന്നു. മുതുമല കടുവാ സങ്കേതത്തിലെ ബൊക്കാപുരം ഭാഗത്താണ് കാട്ടുകൊമ്പെൻറ വിരുന്നുവരവ്. ഇതോടെ, ആനക്ക് നാട്ടുകാർ വിളിപ്പേരുമിട്ടു. റൊണാൾഡോ എന്നാണ് വിളിക്കുന്നത്.
വനത്തിൽവെച്ച് പരിക്കുകളോടെ അവശനായി കണ്ട കൊമ്പന് വനപാലകരും നാട്ടുകാരും രക്ഷകരും ശുശ്രൂഷകരുമായി. ജനങ്ങളുമായുള്ള സഹവാസമാണ് റൊണാൾഡോയെ റിസോർട്ടുകളിലും മറ്റുമെത്തിക്കുന്നത്. ഇവിടന്ന് നൽകുന്ന ഭക്ഷണ സാധനങ്ങളും വയറ്റിലാക്കി അനുസരണയോടെ കാടു കയറും. ആരെയും ഉപദ്രവിക്കാതെയായതോടെയാണ് വിളിപ്പേരും വീണത്.
ഇപ്പോൾ റൊണാൾഡോ ബൊക്കാപുരത്തെ നിത്യസന്ദർശകനാണ്. കഴിഞ്ഞ ദിവസം ജി.ആർ.ജി സ്കൂൾ കോമ്പൗണ്ടിൽ കയറിയ റൊണോൾഡോ ഏറെനേരം അവിടെ വിശ്രമിച്ചെങ്കിലും ഒന്നും നശിപ്പിക്കാതെയാണ് മടങ്ങിയത്.