ആധി ഉള്ളിലൊതുക്കി അവർ തേയില നുള്ളുന്നു
text_fieldsദുരന്തത്തോടെ പ്രവർത്തനം നിലച്ചുപോയ ചൂരൽമലയിലെ എച്ച്.എം.എൽ തേയില ഫാക്ടറി
പുത്തുമല-60, മുണ്ടക്കൈ-43, ഫാക്ടറി-36, ചൂരൽമല -100 എന്നിങ്ങനെയാണ് എച്ച്.എം.എലിന്റെ വിവിധ ഡിവിഷനുകളിൽ തൊഴിലാളികളുടെ എണ്ണം. 70 ഇതര സംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ തമിഴ്നാട്ടിൽനിന്ന് 100ഓളം തൊഴിലാളികൾ ദിവസവും രാവിലെ വന്ന് ജോലിചെയ്ത് വൈകീട്ട് തിരികെപോകുന്നു.
15 ദിവസം കൂടുമ്പോൾ പച്ചത്തേയില നുള്ളിയെടുക്കണം. അതിനായി ഷീയർ എന്ന ഉപകരണം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കുന്നത് തൊഴിലാളികളാണ്. തൊഴിലാളി നേരിട്ടിറങ്ങാതെ ഒരു ജോലിയും നടക്കില്ല. മനുഷ്യാധ്വാനത്തെ ആശ്രയിച്ചാണ് തോട്ടങ്ങൾ മുന്നോട്ടു പോകുന്നത്.
പ്രദേശത്തെ വനറാണി, റാണിമല, കരിമറ്റം മുതലായ പ്രമുഖ ഏലം, കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരെ കൂടി ചേർത്താൽ ഏകദേശം 1000ത്തിൽപ്പരം തൊഴിലാളികൾ വരും. ഇവരുടെ കുടുംബാംഗങ്ങൾ കൂടിയാകുമ്പോൾ വലിയൊരു സമൂഹമാണിവർ.
ഒന്നിനും തികയാതെ ആശ്വാസധനം
ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പാടികൾ, തൊഴിലാളികളുടെ വീടുകൾ, ക്വാർട്ടേഴ്സുകൾ, തേയിലച്ചെടികൾ, തോട്ടങ്ങളുടെ ഭൂമി എന്നിവയെല്ലാം ഉരുൾപൊട്ടലിൽ തകർന്നുപോയിട്ടുണ്ട്. ദുരന്തബാധിത മേഖലയെ നോ ഗോ സോൺ, ഗോ സോൺ എന്നിങ്ങനെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചിട്ടുണ്ട്.
നോ ഗോ സോണിൽപ്പെടുന്ന കുടുംബങ്ങൾക്ക് ദിവസം 300 രൂപ തോതിൽ മാസം 9000 രൂപയാണ് സർക്കാർ നൽകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ കൂടി ആകുമ്പോൾ ആ തുക എവിടെയുമെത്തുന്നില്ല. അതും കൃത്യമായി കിട്ടുന്നുമില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. കൂടാതെ 1000 രൂപയുടെ കൂപ്പൺ കൊടുക്കുന്നുണ്ട് മാവേലി സ്റ്റോറിലേക്ക്. അവിടെ പോയാൽ വേണ്ട പല സാധനങ്ങളും ഇല്ലാത്ത സ്ഥിതിയുണ്ട്.
വീടില്ലാത്തവർ പല ഭാഗത്തായി വാടക വീടുകളിൽ താമസിക്കുന്നുണ്ട്. അവിടെനിന്നൊക്കെ രാവിലെ എത്തിവേണം തോട്ടങ്ങളിൽ ജോലിക്കിറങ്ങാൻ. തുടർച്ചയായി ജോലിക്കിറങ്ങാൻ കഴിയാതെവന്നതോടെ അവർക്ക് വരുമാനമില്ലാതായ സ്ഥിതിയുണ്ടായി. ജോലി ചെയ്യാൻ കഴിയാത്ത കാലയളവിൽ അവർക്ക് സൗജന്യ റേഷനെങ്കിലും നൽകിയാൽ ഏറെ ഉപകാരമാകും. പക്ഷേ അധികൃതർ നടപടിയെടുക്കുന്നില്ല. മഴ അൽപം കുറഞ്ഞതോടെ തോട്ടങ്ങളിൽ ജോലി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും വീണ്ടും മഴ ശക്തമായാൽ സ്ഥിതി പഴയതുപോലെയാകും.
കൂനിന്മേൽ കുരുവായി വന്യമൃഗശല്യം
പ്രദേശത്ത് ജനവാസമില്ലാതായതോടെ വന്യമൃഗ ശല്യവും വർധിച്ചിട്ടുണ്ട്. തോട്ടങ്ങളുമായി ബന്ധപ്പെട്ട് കാടുപിടിച്ചുകിടക്കുന്നിടങ്ങൾ വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് തോട്ടം ഉടമകൾക്ക് വനം വകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ, കാര്യമായ നടപടികളില്ല. വിദേശനാണ്യം നേടിത്തരുന്ന വിളകൾ ഉൽപാദിപ്പിക്കുന്ന തോട്ടങ്ങളാണ് ജില്ലയിലെ ഏറ്റവും വലിയ വ്യവസായം. ഏറ്റവും വലിയ തൊഴിൽദാതാവും അവരാണ്. പ്രകൃതി ദുരന്തം തോട്ടങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണിപ്പോൾ. ഉള്ള വിളവുകൾ തന്നെ സമയത്ത് എടുക്കാൻ കഴിയുന്നില്ല. അതിനിടയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
വേണം, സർക്കാർ പാക്കേജ്
ജില്ലയിലെ പ്രധാന വ്യവസായമെന്ന നിലക്കും വലിയ തൊഴിൽ മേഖല എന്ന നിലക്കും അനുകമ്പപൂർണമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്ന അഭിപ്രായം ശക്തമാണ്. ഉരുൾ ദുരന്തത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിച്ച് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെ വരുമാനമാർഗം കൂടിയായ തോട്ടങ്ങളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് ഉപകരിക്കുന്ന വിധത്തിൽ സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ച് പ്രാവർത്തികമാക്കണം. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് ഈ ഓണക്കാലത്തേക്കെങ്കിലും സൗജന്യ റേഷൻ അനുവദിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

