കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് വിദ്യാർഥിക്ക് പരിക്ക്
text_fieldsപരിക്കേറ്റ കെ.എ. ആഷിക്
മൂപ്പൈനാട്: നെടുങ്കരണ പുതിയപാടിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വിദ്യാർഥിക്ക് പരിക്കേറ്റു. അഞ്ചാംനമ്പർ കാപ്പിൽ റസാഖ് -റംഷിദ ദമ്പതികളുടെ മകനും കമ്പ്യൂട്ടർ വിദ്യാർഥിയുമായ കെ.എ. ആഷിക്കിനാണ് (19) പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. വടുവഞ്ചാൽ ഭാഗത്തുനിന്ന് സുഹൃത്തിനോടൊപ്പം ബൈക്കിൽ നെടുങ്കരണയിലേക്ക് വരുന്നതിനിടെ പുതിയപാടിയിൽ കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു.
ആഷിക്കിന് മുഖത്തിന്റെ ഇടതുഭാഗത്തും കൈകൾക്കും കാലിനും മുറിവേറ്റിട്ടുണ്ട്. ഇതുവഴിവന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ ആഷിക്കിനെ വട്ടത്തുവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചക്കിടെ വാഹനം കാട്ടുപന്നിയെ ഇടിച്ചുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച കാട്ടുപന്നി കുറുകെചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസ്സുകാരൻ ഓടത്തോട് സ്വദേശി മുഹമ്മദ് യാമിൻ മരിച്ചിരുന്നു.
കൽപറ്റയിലും കാട്ടുപന്നി; ബൈക്ക് മറിഞ്ഞ് നാലുവയസ്സുകാരിക്ക് പരിക്ക്
കൽപറ്റ: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലുവയസ്സുകാരി ചികിത്സയിൽ. കമ്പളക്കാട് രാസ്ത വടക്കേക്കരയിൽ ലിബിന്റെയും ജീന മോളുടെയും മകൾ വിവേകയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഞായറാഴ്ച രാവിലെ 11.30നാണ് സംഭവം. കൈനാട്ടി ജനറൽ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുളിയാർമല ഐ.ടി.ഐ ജങ്ഷനിലാണ് അപകടം. ബൈക്കിൽനിന്ന് തെറിച്ചുവീണ വിവേകയെ ആദ്യം കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

