ദുരിതബാധിതര്‍ക്കൊപ്പം ലീഗ് എന്നുമുണ്ടാകും -ഹമീദലി തങ്ങള്‍
text_fieldsഉൾദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ മുസ്‍ലിം ലീഗ് നടത്തിയ ഓര്‍മദിനാചരണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കല്‍പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും പെയ്തിറങ്ങിയ മഹാദുരന്തം മലയാളിയുടെ മനസ്സില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഒരിക്കലും മാഞ്ഞുപോകില്ലെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തത്തിന് രണ്ടുവര്‍ഷം പിന്നിടുന്ന ദിവസം വയനാട് ജില്ല മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍മദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹമീദലി തങ്ങള്‍.
‘‘ഒന്നുമില്ലായ്മയിലേക്ക് തള്ളിയിടപ്പെട്ട ജനതയെ ചേര്‍ത്തുപിടിക്കാന്‍ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യത്വം മാത്രമാണ് നാം കണ്ടത്. ആ നന്മയാണ് എല്ലാം നഷ്ടപ്പെട്ടവരെ പുതിയൊരു ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ദുരന്തം നടന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോഴും ദുരന്തഭൂമിയിലെ കാഴ്ചകളും പ്രിയപ്പെട്ടവരുടെ ഓര്‍മകളും നെഞ്ചുപിടക്കുന്ന വേദനയായി അവശേഷിക്കുകയാണ്. കൈവിടില്ല കൂടെയുണ്ട് എന്ന വാഗ്ദാനം കേവലം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. സ്വന്തം മണ്ണും വീടും നഷ്ടപ്പെട്ട അവസാനത്തെ ആളും സുരക്ഷിതരാകുന്നതുവരെ അവരെ ചേര്‍ത്തുപിടിക്കാന്‍ മുസ്‍ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്.
മലയാളക്കര ഒന്നാകെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത് തുല്യതയില്ലാത്ത സേവന ദൗത്യത്തിനാണ് ദുരന്തമുഖം പിന്നീട് സാക്ഷ്യം വഹിച്ചത്. ദുരന്തം ഉണ്ടായ ആദ്യ മണിക്കൂറുകള്‍ മുതല്‍ മുസ്‍ലിം ലീഗും പോഷക ഘടകങ്ങളും രക്ഷാപ്രവര്‍ത്തനവുമായി ദുരന്തമുഖത്ത് ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ആദ്യമണിക്കൂര്‍ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും പിന്നീട് സമഗ്രപുനരധിവാസത്തിലും സക്രിയമായി ഇടപെട്ട് ദുരന്തഭൂമിയില്‍ മുസ്‍ലിം ലീഗ് സഞ്ചരിച്ചയിടം പുതുവഴിയായി മാറുകയായിരുന്നു. ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളില്‍ സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ച യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരുടെ സേവനം മാതൃകാപരമായിരുന്നു’’- അദ്ദേഹം പറഞ്ഞു. മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന പ്രാർഥന സംഗമത്തിനും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
മുസ്‍ലിം ലീഗും പോഷക ഘടകങ്ങളും പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ രംഗത്തുണ്ടാകുമെന്ന് മുസ്‍ലിം ലീഗ് ജില്ല നേതൃത്വം അറിയിച്ചു. ദുരന്തബാധിതര്‍ക്കുള്ള സാമ്പത്തിക സഹായം, വീടുകളുടെ നിർമാണം, തൊഴില്‍-ഉപജീവന മാര്‍ഗങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കി സമഗ്രമായ പുനരധിവാസ പദ്ധതികളിലൂടെ മുസ്‍ലിം ലീഗ് നാടിന്റെ പുനര്‍നിർമാണത്തില്‍ എന്നും മുന്നിലുണ്ടാകുമെന്നും വ്യക്തമാക്കി.
മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ റസാഖ് കല്‍പറ്റ, എം. മുഹമ്മദ് ബഷീര്‍, അബ്ദുല്ല മാടക്കര, സി. കുഞ്ഞബ്ദുല്ല, പി.പി. അയ്യൂബ്, അഡ്വ. എം.സി.എം. ജമാല്‍, കെ. ഹാരിസ്, വി. അസൈനാര്‍ ഹാജി, നിയോജക മണ്ഡലം ഭാരവാഹികളായ സലിം മേമന, ടി. മൊയ്തു, കടവന്‍ ഹംസ ഹാജി, കൊച്ചി ഹമീദ്, സി.കെ. ഹാരിഫ്, കോളോത്ത് അബ്ദുല്ല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കെ.കെ. ഹനീഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശിഹാബ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ഖാദര്‍, സലാം മൗലവി, നജീബ് കാരാട് എന്നിവർ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

