ട്രാക്കുണർന്നു... ആദ്യ ദിനത്തിൽ ബത്തേരി മുന്നിൽ
text_fieldsജില്ല സ്കൂൾ കായിക മേളക്കിടെ മഴ പെയ്തപ്പോൾ (ഫോട്ടോ-പി. സന്ദീപ്)
കൽപറ്റ: ട്രാക്കിലും ഫീൽഡിലുമായി കായിക പ്രതിഭകളുടെ പോരാട്ടത്തിന് മരവയൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ല സ്റ്റേഡിയത്തിൽ തുടക്കം. അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ജില്ല സ്കൂൾ കായിക മേളയിൽ 96 ഇനങ്ങളിലായി ആയിരത്തോളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ആദ്യദിനം സുൽത്താൻബത്തേരി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 59 പോയന്റുമായാണ് ഉപജില്ല മുന്നേറുന്നത്. ഏഴ് സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവും ആദ്യദിനം ഉപജില്ല നേടി. മൂന്ന് സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവും നേടി 39 പോയന്റുമായി മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണവും രണ്ടു വെള്ളിയും, നാലു വെങ്കലവും നേടി 25 പോയന്റുമായി വൈത്തിരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളിൽ മീനങ്ങാടി ജി.എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. 31 പോയന്റ് നേടിയാണ് സ്കൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമാണ് ആദ്യദിനം സ്കൂൾ നേടിയത്. 25 പോയന്റുമായി ആനപ്പാറ ജി.എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ആദ്യദിനം സ്കൂളിന് ലഭിച്ചത്. ഒരു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവുമായി 21 പോയന്റ് നേടി പയ്യമ്പള്ളി സെയ്ന്റ് കാതറിൻസ് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.
ബുധനാഴ്ച 21 മത്സരങ്ങളാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ മഴ കാരണം 17 മത്സരങ്ങളാണ് പൂർത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ ഏഴു മണിക്ക് നടത്ത മത്സരം ആരംഭിക്കും. ഓട്ട മത്സരങ്ങളും ജംബിങ് മത്സരങ്ങളും ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട്, ഹാമ്മർ മത്സരങ്ങളും രണ്ടാം ദിവസം നടക്കും. വെള്ളിയാഴ്ച രാവിലെ 7.30 ന് അധ്യാപകരുടെ മത്സരങ്ങളോടെയാണ് ആരംഭിക്കുക. തുടർന്ന് ഓട്ട മത്സരങ്ങളും ജംബിങ് മത്സരങ്ങളും സമാന്തരമായി നടക്കും. റിലേ മത്സരങ്ങൾ ആയിരിക്കും അവസാനം.
വ്യാഴാഴ്ച രാവിലെ 9.30ന് മാര്‍ച്ച് പാസ്റ്റും ഉദ്ഘാടനവും നടക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ കൗമാര മേള ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്ര വ്യാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്ഥിരംസമിതി ചെയര്‍പേഴ്‌സൻമാരായ സല്‍മ മോയിന്‍, ജിനി തോമസ്, വി.എന്‍. ശശീന്ദ്രന്‍, ഗിരിജ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി എന്നിവര്‍ സംബന്ധിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഉഷ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

