കടുവ വീണ്ടും മനുഷ്യനെ കൊന്നു; ജനം റോഡിലിറങ്ങി
text_fieldsനരഭോജി കടുവയെ വെടിവെച്ചുകൊല്ലണം എന്ന ആവശ്യവുമായി മസിനഗുഡി ജങ്ഷനിൽ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം
ഗൂഡല്ലൂർ: വീണ്ടും മനുഷ്യനെ കടുവ കൊന്നതോടെ പ്രദേശത്തെ ജനങ്ങൾ രോഷാകുലരായി മസിനഗുഡി ജങ്ഷനിൽ റോഡ് ഉപരോധം നടത്തി. ഉച്ചക്ക് രണ്ടുമണിയോടെ ഉപരോധം ആരംഭിച്ചു. ഇതിനിടെ മങ്കളബസുവെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നപ്പോൾ ജനം വാഹനം റോഡിൽ തടഞ്ഞു. പിന്നീട് അഞ്ചരയോടെ മൃതദേഹം ഊട്ടിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. അപ്പോഴും, കടുവയെ കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ജനങ്ങൾ. അഞ്ചരയോടെ കടുവയെ കൊല്ലാൻ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ ഉത്തരവിട്ടത് സംബന്ധിച്ച് സ്ഥലത്തെത്തിയ സബ് കലക്ടർ മോണിക്ക റാണ എം.എൽ.എ അടക്കമുള്ളവരെ അറിയിച്ചു.
എന്നാൽ, വിജ്ഞാപനം പുറപ്പെടുവിച്ച രേഖ കാണിക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. രേഖ കാണിച്ചാൽ മാത്രമേ തങ്ങൾ ഉപരോധത്തിൽനിന്ന് പിന്മാറുകയുള്ളൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ഏഴു മണിയോടെ ഉത്തരവ് കാണിക്കുകയായിരുന്നു. അതോടെ ജനം പിൻവാങ്ങി. പ്രതിഷേധത്തിൽ പൊൻജയശീലൻ എം.എൽ.എ അടക്കം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു. ശ്രീ മധുര, തുറപ്പള്ളി ഭാഗങ്ങളിൽനിന്നുള്ളവർ ജനരോഷത്തിൽ പങ്കാളികളായി. റോഡ് ഉപരോധംമൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മൈസൂരു ഗൂഡല്ലൂർ ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ മുതുമല തെപ്പക്കാട് ജങ്ഷനിൽ പൊലീസ് തടഞ്ഞുനിർത്തി തിരിച്ചുവിടുകയായിരുന്നു. ഊട്ടിയിൽനിന്ന് കല്ലട്ടിചുരം വഴി മൈസൂരു, ഗൂഡല്ലൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ മസിനഗുഡിയിൽ ഏറെ നേരം നിർത്തിയിടേണ്ടിവന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് മസിനഗുഡി കൽകോരിക്കു സമീപമുള്ള കുറുമർപാടിയിലെ മങ്കളബസുവനെ കടുവ ആക്രമിച്ചത്. ഇയാളെ പിടികൂടി വലിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ഭക്ഷിക്കുന്നതിനിടയിൽ ജനങ്ങളുടെ ബഹളം കേട്ട് കടുവ ഒരു കൈ കടിച്ചെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞവർഷമാണ് ഗൗരി എന്ന ആദിവാസിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. അന്നുതന്നെ വനപാലകരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായില്ല. ഇതിനുശേഷമാണ് മുതുമലയിൽ കുഞ്ഞികൃഷ്ണനെയും ദേവൻ എസ്റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയെയും കടുവ ഇരയാക്കിയത്. തുടർന്നു ജനരോഷം ശക്തമായതോടെയാണ് കടുവയെ ജീവനോടെ പിടികൂടാനുള്ള സന്നാഹം ഒരുക്കിയത്. എന്നാൽ, ഇതെല്ലാം വിഫലമാക്കി വ്യാഴാഴ്ച കടുവ ദേവൻ ഭാഗത്തേക്ക് കടന്നു. ഇവിടെ തിരച്ചിൽ തുടരുന്നതിനിടെയാണ് മസിനഗുഡി ഭാഗത്തേക്ക് കടന്നത്. കടുവയുടെ സഞ്ചാര വിഡിയോ സമൂഹമാധ്യമങ്ങളിൽവരെ വൈറലായിരുന്നു. എന്നിട്ടും വനപാലകരുടെ ഭാഗത്തുനിന്ന് ജാഗ്രത നടപടികളുണ്ടായില്ല എന്ന ആരോപണം ശക്തമാണ്. ഇതാണ് മറ്റൊരു മനുഷ്യജീവൻകൂടി ബലിയാടാകാൻ ഇടയാക്കിയത്. മങ്കളബസുവെൻറ ഭാര്യ പരേതയായ മാധി. മക്കൾ: മാധൻ, തായി, രാജൻ. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഹർത്താൽ ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

