ചുരത്തിലെ ദുരിതം തീരും, അധികൃതർ കണ്ണുതുറന്നാൽ
text_fieldsവൈത്തിരി: വയനാട് ചുരത്തിലെ ദുരിത യാത്ര അന്ത്യമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച രാവിലെയും ചുരം റോഡിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. സമാനതകളില്ലാത്ത ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നതെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല. ഞായറാഴ്ച വൻ ഗതാഗതക്കുരുക്കു ഉണ്ടായിട്ടും ഗതാഗതം നിയന്ത്രിക്കാനോ മറ്റോ ഒരു പൊലീസുകാരൻ പോലും ചുരത്തിൽ ഉണ്ടായിരുന്നില്ല.
മാറിമാറി വരുന്ന സർക്കാറുകൾ ജില്ലയോട് കാണിക്കുന്ന അവഗണനയുടെ മകുടോദാഹരണമാണ് വയനാട് ചുരത്തിന്റെ അവസ്ഥ. ഒമ്പത് ഹെയർപിൻ വളവുകളുള്ള, 14 കിലോമീറ്റർ നീളമുള്ള വയനാട് ചുരം നിലകൊള്ളുന്നത് കോഴിക്കോട് ജില്ലയിലാണ്. ചുരത്തിന്റെ കൃത്യനിർഹണ പ്രവൃത്തികൾ കോഴിക്കോട് കലക്ടറേറ്റിലാണ് നടക്കുന്നത്. ഒരപകടമോ മറ്റോ സംഭവിച്ചാൽ താമരശ്ശേരിയിൽനിന്നും വേണം പൊലീസ് എത്താൻ.
വൈത്തിരി പൊലീസ് പരിധിയായ ലക്കിടിയിൽനിന്നും മീറ്ററുകൾക്കപ്പുറം ചുരത്തിൽ എന്തെങ്കിലും സംഭവിച്ചാൽപോലും താമരശ്ശേരി പൊലീസ് വരണം. അടിവാരത്ത് താമരശ്ശേരി പൊലീസിന്റെ എയ്ഡ് പോസ്റ്റുണ്ടെങ്കിലും ആവശ്യത്തിനുള്ള പൊലീസുകാർ ഇല്ലാത്തതിനാൽ എത്തിപ്പെടാൻ കഴിയാറില്ല.
ഞായറാഴ്ച ചുരത്തിൽ വൻഗതാഗതക്കുരുക്ക് അനുഭവപ്പെട്ട സമയത്ത് ഒരു പൊലീസുകാരനെ പോലും ചുരത്തിൽ കണ്ടില്ല. ഹൈവേ പട്രോൾ പൊലീസ് തലങ്ങും വിലങ്ങും പായുന്നുണ്ടെങ്കിലും അവശ്യസമയത്ത് ഇവരുടെ സേവനം ലഭിക്കാറില്ല. പുലർച്ച പോലും നീണ്ട വാഹനനിരയുണ്ടായി.
കൂടുതൽ തടസ്സങ്ങളും ഉണ്ടാകുന്നത് ബസുകളും ചരക്കു ലോറികളും ചുരം റോഡിൽ കേടാവുന്നതുമൂലവും അപകടങ്ങൾ മൂലവുമാണ്. ഇതിനൊരു താൽക്കാലിക പരിഹാരമായി ചുരത്തിൽ സ്ഥിരമായി ഒരു ക്രയിൻ സർവീസ് സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്.
രണ്ടു കൊല്ലം മുമ്പ് അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി തന്നെ ക്രെയിൻ സർവിസ് ഉടൻ വന്നു എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ചുരത്തിനോട് ചേർന്ന ലക്കിടിയിൽ ഒരു ഫയർ സ്റ്റേഷൻ അനുമതിയായെങ്കിലും ആവശ്യത്തിനുള്ള സ്ഥലം ലഭിച്ചില്ലെന്ന കാരണം പറഞ്ഞും അതും ഇപ്പോൾ ഫയലിൽ കുരുങ്ങി കിടക്കുകയാണ്.
ചുരത്തിൽ വല്ല അത്യാഹിതം സംഭവിച്ചാൽ കൽപറ്റയിൽ നിന്നോ മുക്കത്തുനിന്നോ വേണം അഗ്നിശമന സേനയുടെ സഹായം എത്താൻ. ഗതാഗത കുരുക്കോ തടസ്സങ്ങളോ ഉണ്ടാകുമ്പോൾ ചുരത്തിൽ കുടുങ്ങിപ്പോകുന്ന യാത്രക്കാർക്ക് സഹായകരമായി ശൗചാലയങ്ങൾ നിർമിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഏറെ മുറവിളികൾക്കുശേഷം വ്യൂ പോയന്റ് ഭാഗത്ത് സോളാർ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, മറ്റിടങ്ങളിൽ ഇരുട്ടുതന്നെ.
ചുരത്തിലെ ഗതാഗഗത തടസ്സത്തിനു ശാശ്വത പരിഹാരമായി നിർദേശിക്കപ്പെട്ട തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് ബൈപാസ് റോഡിനുവേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതിനു വേണ്ടി രൂപവത്കരിക്കപ്പെട്ട ചുരം ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റി മുട്ടാത്ത വാതിലുകളില്ല.
ടി. സിദ്ദിഖ് എം.എൽ.എ പലവട്ടം ബൈപാസിന്റെ ആവശ്യം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഭാരവാഹികൾ അന്നത്തെ ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രനെ നേരിട്ട് കണ്ടു ആവശ്യമുന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇടപെടലിൽ ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.ടി. ശ്രീധരയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം ബൈപാസ് റോഡിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും വേണ്ട നടപടികൾ ഉടൻ തുടങ്ങാമെന്നും ഉറപ്പു നൽകിയെങ്കിലും ഒന്നും നടന്നില്ല.
വനം, ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അദ്ദേഹത്തിന്റെ കൂടെ സ്ഥലം സന്ദർശിച്ചിരുന്നു. അവസാനമായി രണ്ടു മാസം മുമ്പ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രിയങ്കഗാന്ധി എം.പിയെ കണ്ടു നിവേദനം നൽകിയിരുന്നു. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി ബൈപാസ് റോഡിന്റെ കാര്യം ചർച്ച നടത്താമെന്നുറപ്പ് നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ മാത്രം ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

