റോഡിന് ഓവുചാലില്ല; മഴവെള്ളം വീടുകളിലേക്ക് ഇരച്ചുകയറുന്നു
text_fieldsമേപ്പാടി പള്ളിക്കവലയിൽ പള്ളത്ത് കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്ത് റോഡിൽനിന്നൊഴുകിയെത്തിയ ചളി കെട്ടിക്കിടക്കുന്നു
മേപ്പാടി: നെടുമ്പാല - മഞ്ഞപ്പാറ റൂട്ടിൽ പള്ളിക്കവല ഭാഗത്ത് റോഡിനിരുവശത്തും ഓവുചാൽ നിർമിക്കാത്തതിനാൽ റോഡിലൂടെ കുത്തിയൊഴുകി വരുന്ന ചളിയും മണ്ണും വീടുകളിലേക്ക് ഒഴുകിയെത്തുന്നു. വീടുകൾക്കുള്ളിലേക്കും മുറ്റത്തും ചളി കെട്ടിക്കിടന്ന് പുറത്തിറങ്ങാൻ കഴിയാതെ അഞ്ചു കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണ്. മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
മുൻ വാർഡ് അംഗം പള്ളത്ത് കൃഷ്ണൻകുട്ടി, പൊടിമറ്റത്തിൽ ബീന, പ്രഭാകരൻ, പ്രവീഷ്, ഫ്രാൻസീസ് എന്നിവരുടെ കുടുംബങ്ങളാണ് ദുരിതത്തിലാകുന്നത്. പള്ളത്ത് കൃഷ്ണൻകുട്ടിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയും മഴയിൽ തകർന്നു വീണു. പൊതു മരാമത്ത് വകുപ്പ് നിർമിച്ച റോഡിന് ഈ ഭാഗത്ത് ഇരുവശത്തും ഓവുചാലില്ല. അതിനാൽ മഴവെള്ളം സമീപത്തെ വീടുകളിലേക്കൊഴുകിയെത്തുകയാണ്. വീടുകളിലേക്ക് വാഹനം കയറ്റാൻ പഴയ ഓവുചാൽ പലരും കോൺക്രീറ്റ് ചെയ്ത് അടച്ചു. ഓവുചാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പധികൃതർക്ക് പരാതി നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. പുതിയ ഓവുചാൽ നിർമിക്കുകയോ അടഞ്ഞ ഓവുചാൽ തുറക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

