വയനാടൻ കാടുകളിൽ കടുവകളുടെ എണ്ണം കുറഞ്ഞു
text_fieldsകൽപറ്റ: രാജ്യത്തെ കടുവകളുടെ കണക്കുകൾ സംബന്ധിച്ച 2022ലെ സെൻസസിൽ വയനാടൻ കാടുകളിൽ കടുവകളുടെ എണ്ണത്തിൽ കുറവുവന്നതായി റിപ്പോർട്ട്.
ഉത്തര കന്നടയിലെ അൻഷി ദണ്ഡേലി ദേശീയ ഉദ്യാനം (കാളി കടുവ സങ്കേതം) ഒഴിച്ചുനിർത്തിയാൽ പശ്ചിമഘട്ടത്തിലെ മറ്റു വനമേഖലയിലെല്ലാം ഇത്തരത്തിൽ കടുവകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നതായാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഞായറാഴ്ച പുറത്തുവിട്ട 2022ലെ സെൻസസിന്റെ സംക്ഷിപ്ത റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമഘട്ടത്തിലെ നാഗർഹോളെ, വയനാട്, ബന്ദിപ്പൂർ, മുതുമല, സത്യമംഗലം, ബി.ആർ.ടി ഹിൽസ് എന്നിവയുൾപ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിലാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കടുവകളുള്ളതെങ്കിലും ഇവിടങ്ങളിൽ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുതുമല, പെരിയാർ തുടങ്ങിയ വനമേഖലകളിൽ കടുവകളുടെ എണ്ണം മുമ്പുണ്ടായിരുന്നതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. ബന്ദിപ്പൂർ, നാഗർഹോളെ മേഖലകളിൽ കടുവകളുടെ എണ്ണം വർധിച്ചു. എന്നാൽ, വയനാട്ടിലെ വനമേഖലയിലും ബി.ആർ.ടി ഹിൽസിലും കടുവയുടെ എണ്ണത്തിൽ കുറവുവന്നതായാണ് പുതിയ സെൻസസ് റിപ്പോർട്ടിൽ പറയുന്നത്. കടുവകളുടെ എണ്ണം സംബന്ധിച്ച സെൻസസിലെ വിശദമായ കണക്കുകളുൾപ്പെടെ പുറത്തുവിട്ടിട്ടില്ല.
ഓരോ സ്ഥലത്തെയും കടുവകളുടെ എണ്ണം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നാലേ വയനാട്ടിലുൾപ്പെടെ എത്ര കടുവകളുടെ എണ്ണമാണ് കുറഞ്ഞതെന്ന് വ്യക്തമാകൂ. ഇതിന് മുമ്പ് 2018ലെ കടുവകളുടെ കണക്കെടുപ്പിൽ വയനാട്ടിൽ 154 കടുവകളാണുണ്ടായിരുന്നത്.
വയനാടുൾപ്പെട്ട നീലഗിരി ജൈവമണ്ഡലത്തിൽ കടുവകളുടെ എണ്ണം കൂടിവരുന്നതായും അന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ട 2022ലെ റിപ്പോർട്ടിൽ നീലിഗിരി ജൈവമണ്ഡലത്തിൽ എണ്ണം കുറയുന്നതായാണ് പറയുന്നത്.
മനുഷ്യ-വന്യജീവി സംഘർഷത്തെ ഗൗരവകരമായി കാണണമെന്നും ഇതോടൊപ്പം സംരക്ഷിത വനമേഖലയിൽ വ്യാപകമായി അധിനിവേശ സസ്യങ്ങൾ വളരുന്നത് വനത്തിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്.
അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടഞ്ഞാലേ ആവാസവ്യവസ്ഥ സംരക്ഷിക്കാനാകൂ. പശ്ചിമഘട്ട മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷം, വേട്ടയാടൽ, അനധികൃത വന്യജീവി വ്യാപാരം, അധിനിവേശ സസ്യം തുടങ്ങിയ വിവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്.
പ്രോജക്ട് ടൈഗർ പദ്ധതി 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും പുതിയ കടുവ സെൻസസ് കണക്കുകൾ ഞായറാഴ്ച പുറത്തുവിട്ടത്.
രാജ്യത്താകെ കടുവകളുടെ എണ്ണം വർധിച്ചതിനിടെയാണ് വയനാട്ടിൽ കടുവകളുടെ എണ്ണം കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

