മന്ത്രിയുടെ ഇടപെടലിന് പുല്ലുവില; മാനന്തവാടി-പുതുശ്ശേരി സ്റ്റേ ബസിന് ദിവസങ്ങളുടെ ആയുസ്സ്
text_fieldsകല്ലോടി: ഏറെ നാളത്തെ മുറവിളികൾക്കും നിവേദനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം ആരംഭിച്ച മാനന്തവാടി- പുതുശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റേ ബസിന് ദിവസങ്ങളുടെ മാത്രം ആയുസ്സ്. സ്ഥലം എം.എൽ.എകൂടിയായ മന്ത്രി ഒ.ആർ. കേളു വിന്റെ നിർദേശത്തെ തുടർന്ന് ആരംഭിച്ച മാനന്തവാടി- തോണിച്ചാൽ- പുതുശ്ശേരി സർവീസിലെ സ്റ്റേ ബസാണ് കലക്ഷൻ കുറവെന്ന കാരണം പറഞ്ഞ് നിർത്തലാക്കിയത്. പുതുശ്ശേരി ഭാഗത്തേക്ക് നിലവിൽ വൈകുന്നേരം 6.30 കഴിഞ്ഞാൽ പിന്നീട് മാനന്തവാടി ഭാഗത്ത് നിന്നും ബസ് സർവിസില്ല.
ആശുപത്രിക്കും മറ്റു ആവശ്യങ്ങൾക്കുമായി ഇതര ജില്ലകളെ ഉൾപ്പെടെ ആശ്രയിച്ച് ദൂരെ ദിക്കുകളിൽ നിന്നടക്കം രാത്രി മാനന്തവാടിയിൽ എത്തുന്ന പ്രദേശത്തുകാർക്ക് ബസ് സർവീസ് ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 300 മുതൽ 400 രൂപ ഓട്ടോറിക്ഷ ചാർജ് നൽകിയാണ് പലർക്കും രാത്രി വീടണയേണ്ടിവരുന്നത്. പുതുശ്ശേരി, വളവ്, വാളേരി, കുനിക്കരച്ചാൽ, മൂളിത്തോട്, കല്ലോടി,അയ്‍ലമൂല, കമ്മോം, പള്ളിക്കൽ തുടങ്ങിയ പ്രദേശത്തുകാർക്കെല്ലാം രാത്രി ഒമ്പത് മണിക്കുള്ള സ്റ്റേ ബസ് വലിയ ഉപകാരമായിരുന്നു.
കൂടാതെ മാനന്തവാടിയേയും അന്യജില്ലകളേയും ആശ്രയിക്കുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്കെല്ലാം രാവിലെ 6 മണിക്ക് പുതുശ്ശേരിയിൽ നിന്നും തിരിക്കുന്ന സ്റ്റേ ബസ് വലിയ ഉപകാരമായിരുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റേ ബസ് ഏറെ നാളത്തെ മുറവിളികൾക്ക് ശേഷമാണ് പുനരാരംഭിച്ചത്. എന്നാൽ വരുമാനം കുറവെന്ന് കാണിച്ച് ദിവസങ്ങൾക്കുള്ളിൽ നിർത്തലാക്കുകയായിരുന്നു. വരുമാനം കുറവുള്ള നിരവധി ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി തുടർന്നുപോകുമ്പോഴും സ്റ്റേ ബസ് ഇതേ കാരണം പറഞ്ഞ് നിർത്തലാക്കിയതിന് പിന്നിൽ ചിരലുടെ താൽപര്യങ്ങളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.
സർവിസുകൾ നിർത്തിയതിനെതിരെ പാസഞ്ചേഴ്സ് അസോസിയേഷൻ
പുൽപള്ളി: പെരിക്കല്ലൂരിൽ നിന്നുണ്ടായിരുന്ന മൂന്ന് ദീർഘദൂര ബസ് സർവീസുകൾ നിർത്തലാക്കിയത് ഗതാഗതമന്ത്രിയുടെ ദുർവാശിമൂലമാണെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽനിന്നു കെ.എസ്.ആർ.ടി.സി സർവീസുകൾ പിൻവലിക്കുന്നത് ഇടതുസർക്കാർ നയമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. നിർത്തിയ സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പലവട്ടം ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും മന്ത്രി പിടിവാശി തുടരുകയാണ്.
പുലർച്ച 3.30ന് പെരിക്കല്ലൂരിൽ നിന്നുണ്ടായിരുന്ന പാലാ സൂപ്പർഫാസ്റ്റ്, 5.45 ന്റെ പിറവം സൂപ്പർ എക്സ്പ്രസ്, 9.30ന്റെ എറണാകുളം-അടൂർ സൂപ്പർഫാസ്റ്റ് എന്നിവയാണ് നിർത്തലാക്കിയത്. കുടിയേറ്റ മേഖലയിലെ ജനങ്ങൾക്ക് തങ്ങളുടെ ജന്മനാടുകളുമായി ബന്ധപ്പെടാനുള്ള കണ്ണികളാണ് ഇല്ലാതായതെന്നും സർവീസ് മുടക്കം ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.
കെ.എസ്.ആർ.ടി.സി സബ്ഡിപ്പൊയ്ക്കുവേണ്ടി ഫൊറോനാപ്പള്ളിയും ഗ്രാമപഞ്ചായത്തും സ്ഥലം നൽകിയിട്ടും അവിടെ ഒന്നും ചെയ്യാൻ ഗതാഗതവകുപ്പ് തയാറായിട്ടില്ല. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനു പകരം നിലവിലുള്ള സർവീസുകൾ ഇല്ലാതാക്കുന്ന സമീപനമാണ് ഗതാഗതവകുപ്പ് നടത്തുന്നതെന്നും അസോസിയേഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

