ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തി
text_fieldsപൊഴുതന: പൊഴുതന മേഖലയിൽ ജനത്തിന് ഭീഷണിയായ ആനക്കൂട്ടത്തെ ലേഡിസ്മിത്ത് ഉൾവനത്തിലേക്ക് തുരത്തി. സെറ്റുകുന്ന്-മേൽമുറി ഭാഗത്ത് നിരന്തരം കാട്ടാനക്കൂട്ടത്തിന്റെ ശല്യമുണ്ട്. സുഗന്ധഗിരി, മേൽമുറി, തരിയോട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലായി കാട്ടാനയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ, നാലോളം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
കാട്ടാന ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും നിരവധി കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജനജാഗ്രത യോഗം കൂടുകയും തീരുമാനപ്രകാരം വനം ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുകയും വാച്ചർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. കാടും മലകളും നിറഞ്ഞ ചെങ്കുത്തായ സ്ഥലങ്ങളും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ആനകളുടെ രാത്രികാലങ്ങളിലെ ശല്യം നിയന്ത്രിക്കാൻ പ്രതിസന്ധിയായിരുന്നു.
സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അജിത്ത് കെ. രാമന്റെ പ്രത്യേക നിർദേശ പ്രകാരം കൂടുതൽ ഉദ്യോഗസ്ഥരെയും ഡ്രോണും ഉപയോഗിച്ച് കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ഹാഷിഫ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ. രഞ്ജിത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ. കേളു, പി.കെ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

