വാകേരിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
text_fieldsസുൽത്താൻ ബത്തേരി: സിസി, വാകേരി ഭാഗങ്ങളിൽ നാലു മാസത്തോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി. സിസി മണ്ഡകവയൽ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ ഞായറാഴ്ച രാവിലെയാണ് ഒമ്പത് വയസ്സുള്ള പെൺകടുവ കുടുങ്ങിയത്. സ്ഥലത്തെത്തിയ വനം വകുപ്പ് കടുവയെ രാവിലെതന്നെ ഇരുളം സെക്ഷൻ ഓഫിസിലേക്ക് മാറ്റി. കടുവക്ക് പരിക്കുകളൊന്നുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഡോ. അരുൺ സക്കറിയയാണ് കടുവയെ പരിശോധിച്ചത്. രണ്ടു ദിവസം മുമ്പ് അരിവയൽ, നമ്പീശൻകവല ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഈ കടുവതന്നെയാകാം കെണിയിലായതെന്നാണ് പ്രാഥമിക നിഗമനം.
ബീനാച്ചി, സിസി സ്കൂൾകുന്ന് എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുവ വന്നുപോകുന്നതിെൻറ സൂചനകൾ നാട്ടുകാർക്ക് ലഭിച്ചിരുന്നു. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമായി വരുന്നതിനിടയിലാണ് കടുവ പിടിയിലാകുന്നത്. ചെതലയം റേഞ്ചിൽപ്പെട്ട വനത്തോട് ചേർന്നാണ് വാകേരി, സിസി, അരിവയൽ, മണ്ഡകവയൽ ഭാഗങ്ങൾ. മധ്യപ്രദേശ് സർക്കാറിെൻറ ബീനാച്ചി എസ്റ്റേറ്റ് അരിവയൽ ഭാഗത്തേക്കും നീളുന്നുണ്ട്. ബീനാച്ചി എസ്റ്റേറ്റിൽ കടുവകളുണ്ടെന്ന് വനം അധികൃതർ മാസങ്ങൾക്കു മുമ്പ് സ്ഥിരീകരിച്ചതാണ്.
ചെതലയം കാട്, ബീനാച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലൊന്നിലാണ് കടുവ തങ്ങിയിരുന്നതെന്ന് ഉറപ്പാണ്. ഈ കാടുകളിൽ ഇനിയും കടുവകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുമ്പ് ബീനാച്ചിക്കടുത്ത് പൂതിക്കാട് ഭാഗത്ത് എത്തിയത് മൂന്ന് കടുവകളായിരുന്നു. അന്ന് അവയെ ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറ്റിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

