നോവേറ്റവര്‍ക്ക് കരുതലിന്റെ വാതിലുകൾ തുറക്കുന്നു; മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതർക്കുള്ള മുസ്ലിം ലീഗ് ഭവന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്
text_fieldsമുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതർക്കുള്ള മുസ്ലിം ലീഗിന്റെ ഭവന പദ്ധതിയിൽ ഇന്ന് താക്കോൽ കൈമാറുന്ന വീടുകൾ
ഇരുട്ടി വെളുക്കും മുമ്പ് അനേകം ജീവനുകളും ജീവിതസമ്പാദ്യങ്ങളും ഉരുളിലൊലിച്ചു പോയപ്പോൾ ബാക്കിയായവരുടെ അതിജീവനത്തിന് മുസ്ലിം ലീഗ് ഒരുക്കുന്ന കരുതലിന്റെ വാതിലുകള്‍ ഇന്ന് തുറക്കും. 2024 ജൂലൈ 30ന്റെ രാത്രിയിൽ രണ്ടു ഗ്രാമങ്ങളെ തുടച്ചുനീക്കിയ ഉരുൾ മഹാ ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നാടും നാട്ടുകാരും ഇന്നും മുക്തമായിട്ടില്ലെങ്കിലും അതിജീവനത്തിന്റെ പാതയിലാണ് അവരിന്ന്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവരെ തുടക്കം മുതൽ ചേർത്തുനിർത്തിയ മുസ്ലിം ലീഗ് വാഗ്ദാനം ചെയ്ത ഭവന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ശനിയാഴ്ച നടക്കുമ്പോൾ വലിയൊരു ദൗത്യസാഫല്യത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. വെള്ളിത്തോട്ടെ പദ്ധതിപ്രദേശത്ത് 51 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് ശനിയാഴ്ച നടക്കുക.
ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തില്‍ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി റോഡിനോട് ചേര്‍ന്ന സ്വപ്നഭൂമിയിലാണ് ദുരന്തബാധിതർക്കായി വീടുകൾ സജ്ജമാക്കിയത്. മൂന്ന് കിടപ്പുമുറികൾ ഉള്‍ക്കൊള്ളുന്ന 1050 ചതുരശ്രയടി വിസ്തൃതിയുള്ളതാണ് ഓരോ വീടും. സാമാന്യം വലുപ്പമുള്ള സിറ്റൗട്ടില്‍ നിന്ന് വിശാലമായ ലിവിങ് ആൻഡ് ഡൈനിങ് റൂമിലേക്കാണ് പ്രവേശിക്കുക. ബാത്ത്റൂം അറ്റാച്ചോടുകൂടിയുള്ള വലിയ കിടപ്പുമുറിയും മറ്റ് രണ്ട് മുറികളുമാണ് ഉള്ളത്. കോമണ്‍ ബാത്ത് റൂം വേറെയുമുണ്ട്. അടുക്കളയും അനുബന്ധമായി വര്‍ക്ക് ഏരിയയും ചേരുന്നതാണ് വീട്. രണ്ടാംനില നിര്‍മിക്കാനാവശ്യമായ ഗോവണിക്കുള്ള സ്ഥലവും വീടിനോട് ചേര്‍ന്ന് നിർമിച്ചിട്ടുണ്ട്. മൂന്ന് വശവും കല്ലുകൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളും കല്ലുപാകിയ മുറ്റവും എല്ലാ വീടുകള്‍ക്കും ഗെയിറ്റും ഉണ്ടാവും.
പദ്ധതിപ്രദേശത്തെ പ്രധാന സ്ഥലത്ത് ഏഴ് മീറ്ററിലാണ് റോഡ്. ഈ റോഡില്‍നിന്നാണ് ഓരോ വീട്ടിലേക്കും പ്രവേശനം. ഇടറോഡുകള്‍ക്ക് അഞ്ചു മീറ്ററായിരിക്കും വീതി. പദ്ധതി പ്രദേശത്ത് നിലവിലുള്ള കിണറുകള്‍ക്ക് പുറമെ 22 കോല് ചുറ്റളവില്‍ വലിയ കിണറും കോമണ്‍ ടാങ്കും നിർമിച്ച്, ഓരോ വീട്ടിലേക്കും വെവ്വേറെ ടാങ്കുകള്‍ സ്ഥാപിച്ചായിരിക്കും കുടിവെള്ളവിതരണം ഉറപ്പാക്കുക. നല്ല മഴ ലഭിക്കുന്ന, വയലുകളോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കടുത്ത വേനലില്‍ പോലും പദ്ധതി പ്രദേശത്ത് കുടിവെള്ളത്തിന് ക്ഷാമം നേരിടാനിടയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
മഞ്ചേരി ആസ്ഥാനമായ നിർമാണ് കണ്‍സ്ട്രക്ഷന്‍സിന്റെ കീഴിലുള്ള നൂറോളം വിദഗ്ധ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പദ്ധതി പ്രദേശത്തുതന്നെ താമസിച്ചാണ് നിർമാണം തുടരുന്നത്. പ്രശസ്ത ആര്‍ക്കിടെക്ട് കമ്പനിയായ സപതിയാണ് പദ്ധതി രൂപകൽപന ചെയ്തത്. ആര്‍ക്കിടെക്ട് വിഭാഗത്തിലേക്ക് സപതിയെയും സ്ട്രക്ചറിങ്ങിനായി നിർമാണ് കണ്‍സ്ട്രക്ഷന്‍സിനെയും പ്ലോട്ടുകളും റോഡുകളും സജ്ജമാക്കാന്‍ മലബാര്‍ ടെകിനെയും ഏല്പിച്ചതിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള ഭവന പദ്ധതിയാണ് ലീഗ് ലക്ഷ്യമാക്കിയത്.
പ്രകൃതിക്കലിയിൽ മണ്ണോടുചേർന്ന പ്രിയപ്പെട്ടവരെ ഒരായുസ്സിന്റെ നോവായി മനസ്സിലേറ്റി, മുന്നോട്ടേക്ക് ഇനിയും ഏറെ താണ്ടാനുണ്ടെന്ന ദൃഢനിശ്ചയവുമായി അവർ സ്വപ്നഭവനങ്ങളിൽ രാപ്പാർക്കുമ്പോൾ ഈ മഹാ ഉദ്യമത്തിന് നേതൃത്വം നൽകിയവർക്കും പങ്കാളികളായവർക്കും ചാരിതാർത്ഥ്യത്തിന്റെ അഭിമാന ദിനംകൂടിയാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

