തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞു; പ്രതീക്ഷയോടെ സഞ്ചാരമേഖല
text_fieldsവയനാട് ചുരത്തിൽ ശനിയാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കൽപറ്റ: തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ പ്രതീക്ഷയോടെ സഞ്ചാര മേഖല. തെരഞ്ഞെടുപ്പ് പ്രചാരണ ബഹളത്തിൽ മുങ്ങി നിർജീവമായിരുന്ന ടൂറിസംമേഖല അടുത്ത ദിവസങ്ങളിൽ സജീവായി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ. കൂടുതൽ സഞ്ചാരികൾ ഇതര ജില്ലകളിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും എത്തിത്തുടങ്ങിയിട്ടുണ്ട്. അവധിക്കാലമായിട്ടും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നാടുമാറിയത് കാരണം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. ജില്ലയിൽ കൂടുതൽ സഞ്ചാരികളെത്തുന്നത് ഏപ്രിൽ, മേയ് മാസങ്ങളിലാണ്.
ഡി.ടി.പി.സിയുടെ പത്ത് കേന്ദ്രങ്ങളിലും കാരാപ്പുഴ, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിലും വനംവകുപ്പിന് കിഴിലുള്ള വിവിധ കേന്ദ്രങ്ങളിലുമെല്ലാം ശനിയാഴ്ച നല്ല തിരക്ക് അനുഭപ്പെട്ടു. ജില്ലയിൽ കനത്ത ചൂട് പ്രതിസന്ധിയാണെങ്കിലും വേനൽമഴ ലഭിക്കുന്നതോടെ താപനില താഴുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികളും ടൂറിസ്റ്റ് കേന്ദ്രങ്ങളും. വിഷു അടക്കമുള്ള ആഘോഷങ്ങൾകൂടി എത്തുന്നതോടെ സഞ്ചാര മേഖല സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായി സഞ്ചാരികൾ ജില്ലയിലേക്ക് എത്തുന്നത്.
കോവിഡിനുശേഷം ജില്ലയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തിനകത്തെ സഞ്ചാരികൾകൂടി എത്തും. ഇതോടെ വിനോദ സഞ്ചാര മേഖലയിൽ തിരക്കേറും. അവധിക്കാലം ആരംഭിച്ചിട്ടും തെരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ റിസോർട്ടുകൾ, വില്ലകൾ, ഹോംസ്‌റ്റേ, ഹോട്ടലുകൾ എന്നിവയിൽ കാര്യമായി ടൂറിസ്റ്റുകൾ എത്തിയിരുന്നില്ല. സന്ദർശകർ കുറഞ്ഞതോടെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കുമെല്ലാം വരുമാനം കുറഞ്ഞിരുന്നു. ഉരുൾ ദുരന്തത്തിൽ നാടിനൊപ്പം നിശ്ചലമായ വയനാട് ടൂറിസം അടുത്തിടെയാണ് വീണ്ടും പച്ച പിടിച്ചു തുടങ്ങിയത്. അതേസമയം, യാത്രാസൗകര്യത്തിന്റെ അഭാവം വയനാടൻ ടൂറിസം മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഗതാഗതക്കുരുക്കിൽ വയനാട് ചുരം
അവധിക്കാലത്ത് വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതോടെ വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ശനിയാഴ്ച വാഹനങ്ങൾ കുടുങ്ങിയതും വാഹനങ്ങളുടെ ബാഹുല്യവും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ശനിയാഴ്ച രാവിലെ രണ്ടിടങ്ങളിലായി ബസും ലോറിയും തകരാറിലായത് കാരണം രൂക്ഷമായ ഗതാഗതതടസ്സമാണ് നേരിട്ടത്. അഞ്ചാംവളവിൽ ലോറിയും ആറ്, ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി ബസുമാണ് തകരാറിലായത്.
കെ.എസ്.ആർ.ടി.സി ബസ് തകരാർ പരിഹരിച്ച് മാറ്റിയെങ്കിലും ലോറി മാറ്റാൻ കഴിയാത്തത് വൈകീട്ടോടെ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങാൻ കാരണമായി. വാഹനങ്ങളുടെ നീണ്ട നിരയാണ് വയനാട് ചുരത്തിൽ അനുഭവപ്പെട്ടത്.
പോളിങ് ദിനത്തിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകള്‍ വന്‍വിജയം
നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലും പോളിങ് സാമഗ്രികളുടെ വിതരണ ദിവസവും കുടുംബശ്രീ യൂനിറ്റുകള്‍ സജ്ജീകരിച്ച ഫുഡ് കോര്‍ട്ടുകള്‍ വന്‍വിജയമായി. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലാണ് കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടുകള്‍ തുറന്നത്.
തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ശുചിത്വമുള്ള രുചികരമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കുടുംബശ്രീ സംരംഭങ്ങള്‍ സംയുക്തമായാണ് ഫുഡ് കോര്‍ട്ടുകള്‍ സംഘടിപ്പിച്ചത്.
പ്രാദേശിക രുചികളോടെയുള്ള വിഭവങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരുന്നു. വോട്ടെടുപ്പിന്റെ തലേദിവസവും വോട്ടെടുപ്പ് ദിവസവും നിരവധിപേരാണ് കുടുംബശ്രീ സംരംഭങ്ങളെ ആശ്രയിച്ചത്. ഇതിലൂടെ കാര്യമായ വിറ്റുവരവ് നേടാനും യൂനിറ്റുകള്‍ക്ക് സാധിച്ചു.
പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ കുടുംബശ്രീ ഒരുക്കിയ ഫുഡ് കോർട്ട്
വോട്ടിങ് രേഖകളുടെ പരിശോധന
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ പരിശോധിച്ചു. ജില്ലയുടെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, പൊലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥികൾ/സ്ഥാനാർഥികളുടെ ചീഫ് ഇലക്ഷൻ ഏജന്റ് എന്നിവർ പങ്കെടുത്തു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, വരണാധികാരികളായ സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഡെപ്യൂട്ടി കലക്ടർ കെ. ബിന്ദു, ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നിജു കുര്യൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

