വെള്ളയല്ല, ഇവിടെ കാപ്പിപൂവിന് പച്ചനിറം
text_fieldsപച്ചനിറത്തിലുള്ള പൂ വിരിഞ്ഞ തോമസിന്റെ വീട്ടുമുറ്റത്തെ കാപ്പിച്ചെടി
പുൽപള്ളി: സാധാരണ കാപ്പിപ്പൂവിന് വെള്ളനിറമാണ്. എന്നാൽ, ഇവിടെയിതാ പച്ചനിറത്തിലുള്ള കാപ്പിപൂവ്. പുൽപ്പള്ളി കാപ്പിക്കുന്ന് മേനമ്പടത്ത് തോമസിന്റെ വീട്ടുമുറ്റത്തെ കാപ്പിയിലാണ് പച്ചപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഒരു കാപ്പിച്ചെടിയിൽ നിറയെ ഇത്തരം പച്ചപ്പൂക്കളാണ്. വെള്ളപ്പൂക്കൾക്ക് പകരം പച്ചപ്പൂക്കൾ ഉണ്ടായത് കൗതുകമായി.
കഴിഞ്ഞ എട്ടു വർഷമായി പൂത്തുകൊണ്ടിരിക്കുന്ന കാപ്പിയാണിത്. ഇത് ആദ്യമായാണ് ഇത്തരത്തിൽ പൂക്കൾ പച്ച നിറത്തിൽ ആയിരിക്കുന്നത്. ഒരാഴ്ചയോളമായി വിരിഞ്ഞുനിൽക്കുന്ന പൂക്കൾ മഴമൂടലുള്ളതിനാൽ കരിഞ്ഞിട്ടില്ല. പച്ചപ്പൂക്കളുള്ള കാപ്പി ചെടികാണാൻ നിരവധി പേരാണ് എത്തുന്നത്.

