അവർ ഒരുങ്ങി അഭിഭാഷകരാകാൻ; ഇന്ന് പ്രവേശന പരീക്ഷയെഴുതും
text_fieldsകേരള ലോ പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ ഗോത്രവിഭാഗം കുട്ടികൾ കേന്ദ്ര സർവകലാശാല
നിയമപഠന വിഭാഗത്തോടൊപ്പം
കല്പറ്റ: ജില്ലയിൽനിന്ന് ഗോത്ര വിഭാഗത്തിലുള്ള 19 കുട്ടികൾ കേരളത്തിലെ വിവിധ ലോ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലോ എൻട്രൻസ് ടെസ്റ്റ് എഴുതുന്നു. പഞ്ചവത്സര എൽ.എല്‍.ബി ഇന്റഗ്രേറ്റഡ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണ് തിങ്കളാഴ്ച കുട്ടികൾ എഴുതുന്നത്.
ഏതാനും മാസങ്ങളായി കേരള -കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിശീലനം നേടി വരികയാണ്. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നടന്ന പരിശീലന പരിപാടിക്കാണ് കേന്ദ്ര സർവകലാശാല നേതൃത്വം നൽകുന്നത്.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ പ്രഫ. ഡോ. കെ. ഐ. ജയശങ്കർ, നിയമവിഭാഗം മേധാവി ഡോ. ജെ. ഗിരീകുമാർ, അഡ്വ. രേഷ്മ, അധ്യാപകർ, ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികൾ എന്നിവരാണ് പരിശീലനം നൽകുന്നത്. മാനന്തവാടി, കണ്ണൂർ എന്നീ സെന്ററുകളിൽ പരീക്ഷയെഴുതുന്ന കുട്ടികളുടെ എല്ലാ തയാറെടുപ്പും പൂർത്തിയായതായി പ്രഫ. ജയശങ്കർ അറിയിച്ചു.

