അവധിക്കാലത്ത് കുട്ടികളെ തേടി അധ്യാപകരുടെ നെട്ടോട്ടം
text_fieldsവെള്ളമുണ്ട: വേനലവധി തുടങ്ങിയെങ്കിലും അധ്യാപകർ കുട്ടികൾക്ക് പിന്നാലെയാണ്. സ്കൂളുകളിലേക്ക് കുട്ടികൾ പ്രവേശനം നേടുന്നതിനായി അവരുടെ വീടുകളിൽ നേരിട്ടെത്തിയാണ് അധ്യാപകരുടെ കാൻവാസിങ്. ഗ്രാമ ഗ്രാമാന്തരങ്ങളിലെല്ലാം കുന്നും മലയും കയറി കുട്ടികളെ തേടിയുള്ള യാത്രയിലാണ് അധ്യാപകർ. കുട്ടികളുടെ എണ്ണം കുറഞ്ഞാൽ തസ്തിക നഷ്ടമാവും എന്ന ഭയമാണ് വേനലവധിയുടെ തുടക്കം മുതൽ അധ്യാപകരെ വീടുകളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. വിദ്യാലയങ്ങൾ തമ്മിലുള്ള കിടമത്സരങ്ങൾ കൂടിയതോടെ വലിയ ഓഫറുകളടക്കം നൽകിയാണ് പലരും വീടുകളിലെത്തുന്നത്.
സ്കൂൾ ബസുകളടക്കം സൗജന്യങ്ങൾ വാഗ്ദാനം ചെയ്താണ് പല വിദ്യാലയങ്ങളും കുട്ടികളെ പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. എങ്ങനെയും കുട്ടികളുടെ എണ്ണം കൂട്ടുക എന്നുള്ളതാണ് അധ്യാപകരുടെ മുന്നിലുള്ള ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ വിദ്യാലയങ്ങളും ചെറുവിദ്യാലയങ്ങളും നിലനിൽപ് ഭീഷണി നേരിടുകയാണ്. കഴിഞ്ഞ അധ്യയന വർഷം കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ അധ്യാപക തസ്തിക നഷ്ടപ്പെട്ട വിദ്യാലയങ്ങൾ നിരവധിയാണ്. ഇത്തവണയും കുട്ടികളുടെ എണ്ണം കുറഞ്ഞാൽ അത്തരം വിദ്യാലയങ്ങളുടെ നിലനിൽപ് വലിയ ഭീഷണിയിലാവും. വെള്ളമുണ്ടയിലെ പ്രമുഖ എയ്ഡഡ് വിദ്യാലയത്തിൽ കഴിഞ്ഞ തവണ രണ്ട് അധ്യാപക തസ്തികകളാണ് കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ നഷ്ടപ്പെട്ടത്. ഇതുപോലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പല വിദ്യാലയങ്ങളിലും അധ്യാപക തസ്തികകൾ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നഷ്ടപ്പെട്ടിരുന്നു.
തൊട്ടടുത്ത വിദ്യാലയങ്ങളിൽ നിന്നടക്കം കുട്ടികളെ എങ്ങനെ പിടിക്കാം എന്ന പരിശ്രമമാണ് നടക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നു പോലും സൗജന്യ യാത്രാ സൗകര്യമടക്കം ഓഫർ ചെയ്ത് വിദ്യാർഥികളെ എത്തിക്കാനുള്ള നീക്കവും സജീവമാണ്. പല വിദ്യാലയങ്ങളിലും വിദ്യാർഥികൾ കുറയാൻ ഇടയാക്കിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഭൗതിക സാഹചര്യങ്ങളുടെ കുറവാണ്. സർക്കാർ വിദ്യാലയങ്ങൾ ഉയർന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് മാറിയതോടെ പല എയ്ഡഡ് വിദ്യാലയങ്ങളും പ്രതിസന്ധിയിലാണ്. സർക്കാർ വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരവും വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. ഒരു പരിധിവരെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും സർക്കാർ വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്കിന് ഇതും ഇടയാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിൽ പലതും ഇന്നും പൊടി പറക്കുന്ന ക്ലാസ് റൂമുകളും സുരക്ഷിതത്വം ഒന്നുമില്ലാത്ത പരിസരങ്ങളോടെയും നിലനിൽക്കുന്നുണ്ട്. ഇവയെല്ലാം കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയിട്ടുണ്ടെന്ന് അധ്യാപകർ തന്നെ പറയുന്നു. കുട്ടികളെ പിടിക്കാൻ എത്തുന്ന അധ്യാപകരോട് നിങ്ങളുടെ കുട്ടികൾ എവിടെ പഠിക്കുന്നു എന്ന രക്ഷിതാക്കളുടെ മറുചോദ്യവും കൗതുകമാണ്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് അധ്യാപക സംഘടന യൂനിയനുകൾ പറയുമ്പോഴും നേതാക്കന്മാരുടെ മക്കളടക്കം സ്വകാര്യ വിദ്യാലയങ്ങളിലാണ് ഇപ്പോഴും പഠിക്കുന്നതെന്ന ആരോപണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

