വടക്കനാട് കാട്ടാനകളുടെ വിളയാട്ടം; നിസ്സഹായതയിൽ വനം വകുപ്പ്
text_fieldsrepresentational image
സുൽത്താൻ ബത്തേരി: വനയോര മേഖലയായ വടക്കനാട് വീണ്ടും കാട്ടാനകളുടെ വിളയാട്ടം. സന്ധ്യമയങ്ങുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം കാട്ടാനകൾ ഏറ്റെടുക്കുകയാണ്. പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ സമരം നടത്താനുള്ള ഒരുക്കത്തിലാണ്. വടക്കനാട് കരിപ്പൂരിൽ കഴിഞ്ഞ ദിവസം രാത്രി തടത്തിക്കുന്നേൽ വിനോദിന്റെ വീടിനു മുകളിലേക്ക് കാട്ടാന തെങ്ങ് കുത്തിമറിച്ചു.പണയമ്പത്തും ഇതേ സംഭവമുണ്ടായി.
ഒരു മാസത്തിനിടയിൽ വിവിധ കൃഷിയിടങ്ങളിലെ നൂറിലേറെ തെങ്ങുകൾ കാട്ടാനകൾ കുത്തി മറിച്ചിട്ടിട്ടുണ്ട്. വടക്കനാട്, വള്ളുവാടി എന്നിവിടങ്ങളിലും കാട്ടാനകൾ പതിവായി എത്തുന്നു.വടക്കനാട് കാട്ടാന കൃഷി നശിപ്പിക്കുന്നത് വർഷങ്ങളായി പതിവാണ്. എന്നാൽ, വീടുകൾക്കോ മറ്റ് കെട്ടിടങ്ങൾക്കോ നേരെ ആക്രമം നടത്താറില്ലായിരുന്നു. വീടുകൾക്ക് നാശം വരുത്തുന്ന രീതിയിൽ ആനകൾ പെരുമാറാൻ തുടങ്ങിയത് നാട്ടുകാരിൽ വലിയ ഭീതി ഉണ്ടാക്കിയിരിക്കുകയാണ്.
രണ്ടുമാസം മുമ്പ് വരെ കൊമ്പനാനയായിരുന്നു പ്രദേശത്ത് നാശം വരുത്തിയിരുന്നത്. എന്നാൽ, ഏതാനും ആഴ്ചകളായി മൂന്നു ആനകൾ എത്തുന്നതായി നാട്ടുകാർ പറയുന്നു. പടക്കം പൊട്ടിച്ചുള്ള താൽക്കാലിക പ്രതിരോധ മാർഗങ്ങൾ ആനകൾ ഗൗനിക്കുന്നേയില്ല.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാർ പ്രതിഷേധമറിയിച്ചിരുന്നു.പരിഹാരം ഉണ്ടാക്കാം എന്ന മറുപടി നാട്ടുകാർ തള്ളി. വലിയൊരു പ്രതിഷേധ സമരത്തിന്റെ വക്കിലാണ് നാട്ടുകാരുള്ളത്. വന്യജീവി പ്രതിരോധത്തിനായി അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

