വടക്കനാട്ടെ കാട്ടാന ശല്യം: പരാതികൾ അധികൃതർ ഗൗനിക്കുന്നില്ല; ജീവനെടുത്തത് മുട്ടിക്കൊമ്പൻ
text_fieldsrepresentational image
സുൽത്താൻ ബത്തേരി: വനമേഖലയായ വടക്കനാട് പ്രദേശം കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുന്നത് സംബന്ധിച്ച് നാട്ടുകാരുടെ പരാതി അധികൃതർ ഗൗനിക്കില്ലെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങളും പരാതികളും നാട്ടുകാർ പല വകുപ്പുകളിലായി കൊടുത്തിട്ടുണ്ട്.
കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയ വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവന്റെ ജീവനെടുത്തതെന്നാണ് മുടിക്കൊമ്പൻ എന്ന കാട്ടാനയാണെന്നാണ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കൃഷിയിടത്തിൽ ആന ഇറങ്ങിയ വിവരം പ്രദേശവാസി രജീവിനോട് ഫോണിൽ വിളിച്ചു പറയുന്നത്.
ഉടൻ കാച്ചിൽ കൃഷിയുള്ള വയലിലേക്ക് പോവുകയായിരുന്നു. തിരികെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. രജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്തുയർത്തി നിലത്ത് അടിച്ചതാകാം എന്നാണ് വിലയിരുത്തൽ.
ഒരു മാസം മുമ്പ് വടക്കനാട് നടന്ന ഗ്രാമസഭയിൽ മുട്ടിക്കൊമ്പനെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തും വനം വകുപ്പും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തില്ല. മുട്ടിക്കൊമ്പന്റെ മുമ്പിൽ പെട്ട പലരും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഇവിടെയുണ്ട്. വടക്കനാട്, പച്ചാടി, കരിപ്പൂര്, പണിയമ്പം എന്നിവിടങ്ങളിലൊക്കെ കൂട്ടിക്കൊമ്പൻ എത്തുന്നുണ്ട്. ഈ ഭാഗങ്ങളിൽ കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനയെ തുരത്താൻ വനം വകുപ്പ് തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നാണ് പരാതി.
പ്രതിഷേധവുമായി നാട്ടുകാർ
വടക്കനാട് മുട്ടി കൊമ്പനെ പിടികൂടാനുള്ള ഉത്തരവ് നടപ്പാക്കണം എന്ന് ബുധനാഴ്ച തന്നെ നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ, ആനയെ നിരീക്ഷിച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്. ഇത് നാട്ടുകാരുടെ വലിയ എതിർപ്പിന് കാരണമായി. റേഡിയോ കോളർ ഘടിപ്പിച്ച് 15 ദിവസം നിരീക്ഷണം നടത്തി ആനയെ പിടിക്കാനുള്ള നടപടികൾ ആലോചിക്കാമെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞെങ്കിലും പറ്റില്ലെന്ന് സർവകക്ഷി നേതാക്കളും നാട്ടുകാരും വ്യക്തമാക്കി. ആനയെ പിടികൂടാൻ ഉത്തരവിടാതെ രജീവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡെപ്യൂട്ടി കൺസർവേറ്റർ എം. ജോഷിൽ എന്നിവർ സുൽത്താൻബത്തേരി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നാട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു വരും ദിവസങ്ങളിൽ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കുമെന്നാണ് അറിയിച്ചത്.
രജീവിന്റെ കുടുംബത്തിന് 10 ലക്ഷം
സുൽത്താൻ ബത്തേരി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രജീവിന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം. ആദ്യഗഡു ധനസഹായം ആറുലക്ഷവും സംസ്കാര ചടങ്ങിനുള്ള ചെലവിലേക്ക് 20000 രൂപയുമാണ് പെട്ടെന്ന് അനുവദിച്ചത്. കുടുംബത്തിൽ ഒരാൾക്ക് താൽക്കാലിക ജോലിയും നൽകും. ഈ തീരുമാനം ഉണ്ടായതോടെയാണ് രജീവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയാറായത്. ആനയെ പിടികൂടാനുള്ള ഉത്തരവും പിറകെയുണ്ടായി. പ്രദേശത്ത് കാവൽ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
പ്രതിഷേധവുമായി ഡോ. ഗീവർഗീസ് മാർ ബർന്നബാസ്
സുൽത്താൻ ബത്തേരി: വടക്കനാട് മേഖലയിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും ഒരു മനുഷ്യജീവൻ കൂടി പൊലിഞ്ഞ സംഭവത്തിൽ അങ്ങേയറ്റം ദുഃഖവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നതായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് പ്രസ്താവിച്ചു. വന്യമൃഗശല്യം പരിഹരിക്കാൻ ശാശ്വതമായ നടപടികൾ സ്വീകരിക്കാതെ അധികാരികൾ ഉരുണ്ടുകളിക്കുന്നത് ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന മനുഷ്യർ ഓരോ ദിവസവും മരണഭീതിയിലാണ് കഴിയുന്നത്. വന്യജീവി ശല്യം തടയാൻ കോടികൾ ചെലവാക്കുന്നു, എന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാരന്റെ ജീവന് യാതൊരു സുരക്ഷയും ഉറപ്പാക്കാൻ വനംവകുപ്പിനോ സർക്കാറിനോ സാധിക്കുന്നില്ല. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ഫലപ്രദമായ വേലികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ ഇനിയും അനുവദിക്കാനാവില്ലെന്നും മെത്രോപ്പൊലീത്ത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

