വയനാട് ജില്ല സ്കൂൾ കലോത്സവം: തുടക്കം... ജോറായി; ആദ്യ ദിനം വിരിഞ്ഞു സർഗവസന്തം
text_fieldsകലോത്സവത്തിന്റെ ഭാഗമായി നടന്ന
പെൻസിൽ ഡ്രോയിങ് മത്സരത്തിൽനിന്ന്
സുൽത്താൻ ബത്തേരി: വൃത്തിയുടെ നഗരത്തിൽ വിരുന്നെത്തിയ കൗമാര മാമാങ്കത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ് ജില്ല സ്കൂൾ കലോത്സവത്തിന് സർവജന സ്കൂൾ ഗ്രൗണ്ടിൽ കൊടി ഉയർത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ടോം ജോസഫ്, കെ. റഷീദ്, പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, എച്ച്.എം ജിജി ജേക്കബ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ആദ്യ ദിനം രചനയും എഴുത്തും വരയുമായി സർഗ പ്രതിഭകളുടെ നിറയാട്ടമായിരുന്നു. യു.പി വിഭാഗം മലയാളം കഥരചനയിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കുട്ടി, ഹൈസ്കൂൾ വിഭാഗത്തിന് വിലാസം തേടുന്ന വീടുകൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് ചെറിയൊരാകാശം വീണുകിട്ടി എന്നിവയായിരുന്നു വിഷയങ്ങൾ. കവിത രചനയിൽ യു.പിക്ക് മണ്ണ് വേരുകളോട്, എച്ച്.എസ് തുരുമ്പ്, എച്ച്.എസ്.എസ് അരുത് എന്നിവയായിരുന്നു വിഷയങ്ങൾ. കവിത-കഥ രചനകളിൽ സർഗാത്മകത തെളിയിക്കാൻ എത്തിയവരിൽ ഭൂരിപക്ഷവും പെൺകുട്ടികളായിരുന്നു. ഇന്ന് അരങ്ങുണരും. എട്ടു വേദികളിലാണ് മത്സരം നടക്കുക.
വേദി ഒന്ന് തട്ടകം, സർവജന സ്കൂൾ ഗ്രൗണ്ട്, വേദി രണ്ട് നർത്തനം സർവജന സ്കൂൾ ഓഡിറ്റോറിയം, വേദി മൂന്ന് നൂപുരം സെന്റ് ജോസഫ്സ് ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയം, വേദി നാല് ചിലമ്പ് ഡയറ്റ് വയനാട് ഓഡിറ്റോറിയം, വേദി അഞ്ച് ഋഷഭം കൈപ്പഞ്ചേരി ജി.എൽ.പി.എസ്, വേദി ആറ് സപ്തം പ്രതീക്ഷ യൂത്ത് സെന്റർ, വേദി ഏഴ് ഉറവ് ഡയറ്റ് എജുസാറ്റ് ഓഡിറ്റോറിയം, എട്ട് മുരളിക സർവജന വി.എച്ച്.എസ്.എസ് സ്കൂൾ ക്ലാസ് റൂം എന്നിവിടങ്ങളിൽ ഇനി മൂന്ന് രാവും പകലും കലയുടെ മേളനം നിറഞ്ഞാടും. മാപ്പിളപ്പാട്ടിന്റെ ഈണവും നടന ചടുലതയും ഏകാഭിനയവും കവിതകളും പ്രസംഗങ്ങളുമായി മൂന്നു ഉപജില്ലകളിൽ നിന്നായി 3000ഓളം മത്സരാർഥികൾ തങ്ങളുടെ കഴിവുകൾ സദസ്സിന് മുന്നിൽ കാഴ്ചവെക്കും. ഇനി മൂന്നുനാൾ കലയുടെ നിറച്ചാർത്തിലായിരിക്കും ബത്തേരി.
ബത്തേരി, മാനന്തവാടി ഉപജില്ലകൾ മുന്നേറുന്നു
സ്കൂൾ തലത്തിൽ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി
സുൽത്താൻ ബത്തേരി: ജില്ല സ്കൂൾ കലോത്സവത്തിൽ 61 ഇനങ്ങൾ പൂർത്തിയായപ്പോൾ 178 പോയന്റുകൾ പങ്കിട്ട് സുൽത്താൻ ബത്തേരി, മാനന്തവാടി ഉപജില്ലകൾ മുന്നേറുന്നു. വൈത്തിരി ഉപജില്ല 159 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. യു.പി വിഭാഗത്തിൽ 38 ഇനം പൂർത്തിയായപ്പോൾ 22 പോയന്റ് പങ്കിട്ട് മാനന്തവാടി, സുൽത്താൻ ബത്തേരി ഉപജില്ലകൾ മുന്നേറുന്നു.
22 പോയന്റുമായി വൈത്തിരി ഉപജില്ല തൊട്ടു പിറകിലുണ്ട്. സ്കൂൾ തലത്തിൽ ജി.വി.എച്ച്.എസ് മാനന്തവാടി 52 പോയന്റുമായി മുന്നിലാണ്. പിണങ്ങോട് ഡബ്ല്യു.ഒ എച്ച്.എസ്.എസ് 46 പോയന്റ്. എസ്.എൻ.എച്ച്.എസ്.എസ് 33 പോയന്റ്. ഡബ്ല്യു. ഒ.വി എച്ച്.എസ്.എസ് മുട്ടിൽ 25. ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ 24. എന്നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള സ്കൂളുടെ നില.
ആദ്യ ദിനം 86 അപ്പീലുകൾ
സുൽത്താൻ ബത്തേരി: ജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യ ദിനം തന്നെ എത്തിയത് 86 അപ്പീലുകൾ. കോടതി ഉത്തരവിൽ കൂടുതൽ അപ്പീലുകൾ എത്താൻ ഇനിയും സാധ്യതയുണ്ട്. അപ്പീലുകൾ കൂടുതൽ എത്തിയാൽ സമയക്രമം പാലിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംഘാടകർക്ക് ആശങ്കയുണ്ട്.
പാചകപ്പുര ലൈവാണ്!
സുൽത്താൻ ബത്തേരി: കലോത്സവ മത്സരങ്ങൾക്കൊപ്പം ഉണർന്നു പ്രവർത്തക്കുന്ന പാചകപ്പുരയിലും ഭക്ഷണമൊരുക്കുന്ന മേളം തന്നെ. ആദ്യ ദിവസമായ തിങ്കളാഴ്ച 1500 പേർക്കാണ് ഭക്ഷണം ഒരുക്കിയത്. രാവിലെ ഉപ്പുമാവും പഴവും ഉച്ചക്ക് നെയ്ച്ചോറും കോഴിക്കറിയുമായിരുന്നു. ചൊവ്വാഴ്ച ചിക്കൻ ബിരിയാണിയാണ് ഒരുക്കുന്നത്.
4000 മുതൽ 5000 പേർക്കാണ് വിഭവങ്ങൾ ഒരുക്കുക. ബുധനാഴ്ച ഉച്ചക്കും രാത്രിയും വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. അവസാന ദിവസമായ വ്യാഴാഴ്ച 2000 പേർക്ക് വെജിറ്റബിൾ ബിരിയാണിയാണ് ഒരുക്കുക. ചീരാൽ നമ്പിക്കൊല്ലി സ്വദേശിയായ കെ.വി. ബാലകൃഷ്ണൻ, ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്. 15 പേരാണ് പിന്നിൽ പ്രവർത്തിക്കുന്നത്. സർവജന സ്കൂളിനോട് ചേർന്നുള്ള ഡയറ്റിലാണ് ഭക്ഷണശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

