മാവാടിക്കുന്നിൽ ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു
text_fieldsസുൽത്താൻബത്തേരി: മണിച്ചിറയ്ക്കടുത്ത് മാവാടിക്കുന്നിൽ അജ്ഞാതജീവി ആടിനെ കടിച്ചുകൊന്നു. ജഡം പകുതി ഭക്ഷിച്ച നിലയിലാണ്. ഇതോടെ പ്രദേശത്ത് ജനം ഭീതിയിലായിരിക്കുകയാണ്. മാവാടിക്കുന്നിൽ മഞ്ഞിൽ റഹിമിെൻറ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്. ആൾതാമസമില്ലാത്ത വീടിന് സമീപമുള്ള കൂട്ടിലാണ് ആടിനെ കെട്ടിയിരുന്നത്. തിങ്കളാഴ്ച രാവിലെ തീറ്റ കൊടുക്കാൻ റഹിം എത്തിയപ്പോഴാണ് ആട് ചത്ത് കിടക്കുന്നത് കണ്ടത്. കൂടിെൻറ പട്ടികകൾക്കിടയിലൂടെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. തുടർന്ന് വിടവുകൾക്കിടയിലൂടെ കടിച്ചുവലിച്ചു തിന്നതായിട്ടാണ് ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ജഡം പകുതിയാക്കി ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം മണിച്ചിറ പ്രദേശത്ത് കടുവ എത്തിയിരുന്നു. ഒരു അമ്മക്കടുവയും രണ്ട് കഞ്ഞുങ്ങളുമാണ് അന്ന് എത്തിയത്. ഒരു പകൽ മുഴുവൻ പ്രദേശത്തെ മുൾമുനയിൽ നിർത്തിയ കടുവകളെ രാത്രി ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തുകയായിരുന്നു. ബീനാച്ചി എസ്റ്റേറ്റിൽ കടുവകൾ തങ്ങുന്നതായി വനം അധികൃതരും സ്ഥിരീകരിച്ചതാണ്. അതിനാൽ, ഇപ്പോൾ എത്തിയിരിക്കുന്നത് കടുവയാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, ആടിനെ കൊന്നത് പട്ടിപ്പുലിയാണെന്നാണ് വനംവകുപ്പിെൻറ കണ്ടെത്തൽ. സ്ഥിരീകരണത്തിനായി സ്ഥലത്ത് കാമറ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

