രാത്രി കടുവകളുടെ വിഹാരം; കൂടും കാമറയും കാഴ്ചവസ്തു
text_fieldsമണ്ഡക വയലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്
സുൽത്താൻ ബത്തേരി: സീസി, മടൂർ, മൈലമ്പാടി, പുല്ലുമല, കൽപന, മണ്ഡകവയൽ, ആവയൽ എന്നിങ്ങനെ മീനങ്ങാടി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളിൽ ജനത്തെ കുടുക്കിലാക്കി കടുവകൾ. ഈ പ്രദേശങ്ങളിലുള്ളവർക്ക് രാത്രി പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്.രണ്ടു മാസത്തോളമായി ആരും പുറത്തിറങ്ങുന്നില്ലെന്നതാണ് യാഥാർഥ്യം. വനം വകുപ്പ് നിസ്സഹായരായ സാഹചര്യത്തിൽ ഈയൊരവസ്ഥക്ക് എന്ന് മാറ്റമുണ്ടാകുമെന്നതാണ് എല്ലാവരും ആശങ്കപ്പെടുന്നത്. കഴിഞ്ഞ രാത്രിയും പുല്ലുമലയിലെ സ്വകാര്യ എസ്റ്റേറ്റിൽ കടുവ മാനിനെ കൊന്നിരുന്നു.
രണ്ടു മാസത്തിനിടയിൽ വളർത്തുന്നതും അല്ലാത്തതുമായി 20ഓളം മൃഗങ്ങളാണ് ഈ മേഖലയിൽ കൊല്ലപ്പെട്ടത്. ജനം ഏറെ പ്രക്ഷോഭങ്ങൾ നടത്തിയതിന് ശേഷമാണ് ഏതാനും ദിവസം മുമ്പ് മണ്ഡകവയലിൽ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തയാറായത്. വനം വകുപ്പിനോട് ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്നും ഒരു കൂട് വെച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നുമാണ് നാട്ടുകാർ പരാതിപ്പെട്ടത്.
സ്വകാര്യ എസ്‌റ്റേറ്റ്, കൃഷിയില്ലാതെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങൾ, ആദിവാസികൾക്ക് വിതരണം ചെയ്ത് ഉപേക്ഷിക്കപ്പെട്ട രീതിയിൽ കിടക്കുന്ന സ്ഥലങ്ങൾ എന്നിവയൊക്കെയാണ് മൈലമ്പാടി, പുല്ലുമല പ്രദേശങ്ങളുടെ പ്രത്യേകത. കടുവകൾ ദിവസങ്ങളോളം തങ്ങാനുള്ള സാധ്യത ഇത് ഉണ്ടാക്കുന്നുണ്ട്. കൂട്ടിൽ ഒരു കടുവ കുടുങ്ങിയാലും കടുവ ഭീതി ഒഴിയില്ല. കാരണം മേഖലയിലെ വിവിധ തോട്ടങ്ങളിലായി ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്നാണ് നാട്ടുകാർ തറപ്പിച്ചു പറയുന്നത്.
ചെതലയം കാട്ടിൽ നിന്നും മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കടുവ എത്തുന്നത് പൂതാടി പഞ്ചായത്തിലെ വാകേരി, മൂടക്കൊല്ലി, പാപ്ലശേരി, പാമ്പ്ര തുടങ്ങിയ പ്രദേശങ്ങൾ പിന്നിട്ടാണ്. പൂതാടിയിലെ കടുവ ശല്യത്തിനെതിരെ സംഘടിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വാകേരി സ്കൂളിൽ ജനപ്രതിനിധകളും പുരോഹിതരും നാട്ടുകാരും യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

