സുൽത്താൻ ബത്തേരി: മാനന്തവാടി കല്ലിയോട് ജനവാസകേന്ദ്രത്തിൽനിന്ന് വനം വകുപ്പ് പിടികൂടി കുപ്പാടി പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിലെത്തിച്ച കടുവക്ക് 'സുഖ ചികിത്സ'. ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നൽകുന്നത്. വലതുകൈ മുട്ടിനാണ് മുറിവ്. ആന്റി ബയോട്ടിക് മരുന്നാണ് നൽകുന്നത്.
തൊലി കളഞ്ഞ കോഴിയിറച്ചിയാണ് ഭക്ഷണം. ഒരു ദിവസം ആറു കിലോയിലധികം ഇറച്ചി വേണം. നന്നായി വെള്ളം കുടിപ്പിക്കുന്നുണ്ട്. വൈകീട്ടാണ് ഭക്ഷണം കൊടുക്കുന്നതെന്ന് അധികൃതർ പറയുന്നു. 24 മണിക്കൂറും നിരീക്ഷിക്കാൻ രണ്ടു വാച്ചർമാരുണ്ട്. ഇതു കൂടാതെ കാമറ നിരീക്ഷണം. രോഗം മാറിയ ശേഷം കടുവയെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകും. കാട്ടിൽ തുറന്നുവിടാനും മൃഗശാലയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണെന്നാണ് കണക്ക്. മുമ്പൊന്നും ഉണ്ടാകാത്ത വിധം അടുത്ത കാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കടുവകൾ എത്തുന്നു. ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിടിച്ച കടുവകളെ കാട്ടിൽതന്നെ തുറന്നുവിടുകയാണ് ചെയ്യുന്നത്. ഒരു വർഷം മുമ്പ് സുൽത്താൻ ബത്തേരി മൂലങ്കാവ് പള്ളിപ്പടിയിൽ ഒരു പുള്ളിപ്പുലി എത്തിയിരുന്നു.
ബീനാച്ചി കാട്ടിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് കരിമ്പുലിയെ കണ്ടെത്തിയിരുന്നു. പുലികളും ധാരാളം ഉണ്ടെന്നതിനാൽ കുപ്പാടി നാലാംമൈലിലെ പരിപാലന കേന്ദ്രത്തിൽ കൂടുതൽ മൃഗങ്ങൾ എത്തിയേക്കുമെന്ന നിഗമനത്തിലാണ് വനം അധികൃതർ.