ചീരാലിൽ വീണ്ടും പുലി ആക്രമണം; മൂരിക്കുട്ടിയെ കൊന്നു ഭക്ഷിച്ചു
text_fieldsനാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൻ മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന പുലി ശല്യം ജനത്തിന്റെ ഉറക്കം കെടുത്തുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച വെളുപ്പിന് കരിങ്കാളിക്കുന്ന് താവരിമല രാജേഷിന്റെ മൂരിക്കുട്ടിയെ പുലി കൊന്നു ഭക്ഷിച്ചു. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പുലി കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം നാലായി.
ശനിയാഴ്ച രാവിലെ കരിങ്കാളികുന്ന് ഭാഗത്ത് എത്തിയ വനം വകുപ്പ് അധികൃതർക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ആഴ്ചകളായി തുടരുന്ന പുലി ശല്യത്തെ വനം വകുപ്പ് നിസ്സംഗതയോടെ കാണുന്നുവെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. മൂരി കിടാവിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പുലിയെ ഉടൻ പിടികൂടണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
പുലിയെ കണ്ടാൽ ഉടൻ മയക്കുവെടി വെക്കുമെന്നും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകുമെന്നും അധികാരികൾ വ്യക്തമാക്കുന്നതോടെയാണ് നാട്ടുകാർ അയഞ്ഞത്. തോട്ടാമൂല, മേപ്പാടി റേഞ്ചുകളിൽ നിന്നാണ് വനം വകുപ്പ് എത്തിയത്.
ആർ.ആർ.ടി സംഘവും എത്തിയതോടെ ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. വെള്ളച്ചാൽ, നമ്പ്യാർകുന്ന് ആശ്രമത്തിന് സമീപം, മുരുക്കിരാടി, കരിങ്കാളികുന്ന് എന്നിവിടങ്ങളിലാണ് പുലി ഇതിനോടകം എത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിലൊക്കെ ശനിയാഴ്ച പകൽ തിരച്ചിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

