സുൽത്താൻ ബത്തേരി: നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ മാറി ദൊട്ടപ്പൻകുളത്ത് കടുവ എത്തിയതായി സ്ഥിരീകരണം. ഞായറാഴ്ച ചിലർ കടുവയെ കണ്ടു.
വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കടുവയുടെ നീക്കം മനസ്സിലാക്കാൻ കാമറകൾ സ്ഥാപിച്ചു. മാനിക്കുനി, ദൊട്ടപ്പൻകുളം, ചീനിപ്പുല്ല്, ബീനാച്ചി, പൂതിക്കാട് ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുവസാന്നിധ്യമുണ്ടായിരുന്നു.
എന്നാൽ, വനംവകുപ്പ് ഇത് കാര്യമാക്കിയിരുന്നില്ല. കടുവ തോട്ടത്തിലൂടെ നടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടതോടെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സുൽത്താൻ ബത്തേരി പൊലീസ് എത്തി ജനത്തോട് ജാഗ്രത പാലിക്കാൻ മൈക്ക് അനൗൺസ്മെൻറ് നടത്തി. കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.