കൈ തുന്നിച്ചേർക്കാനായില്ല; പ്രതിസന്ധിയിൽ അസ്ലമിന്‍റെ കുടുംബം
text_fieldsഅസ്ലം
സുൽത്താൻ ബത്തേരി: ബസ് യാത്രക്കിടയിൽ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്‍റെ കുടുംബം അപ്രതീക്ഷിത വെല്ലുവിളിയിൽ പകച്ചുനിൽക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അസ്ലമിന്‍റെ കൈ തുന്നിച്ചേർക്കാനായില്ല. മുറിഞ്ഞുപോയ ഭാഗം ചതഞ്ഞതാണ് പ്രശ്നം. ശസ്ത്രക്രിയ ചെയ്ത് കൂട്ടിയോജിപ്പിച്ചാൽ പഴുപ്പ് ബാധിക്കുമെന്നാണ് ഡോക്ടർമാരുടെ പക്ഷം.ബത്തേരി കേരള അക്കാദമിയിലെ വിദ്യാർഥിയായ അസ്ലം രാവിലെ ക്ലാസിൽ പോകുമ്പോൾ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ചുള്ളിയോട് അഞ്ചാംമൈലിന് സമീപമാണ് അപകടമുണ്ടാകുന്നത്. റോഡുപണി നടക്കുന്നതിനാൽ ഒരുവശത്തുകൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളു.
കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാവുന്ന ഭാഗത്തുവെച്ച് സ്കൂട്ടർ യാത്രക്കാരന് സൈഡ് കൊടുത്തപ്പോൾ ബസ് വൈദ്യൂതി തൂണിനോട് ഉരസി, ഉരസിയില്ല എന്ന രീതിയിലാണ് കടന്നുപോയത്. ഇതിനിടയിൽ കുഴി കാരണം ബസ് ആടിയുലഞ്ഞു. സൈഡ് സീറ്റിൽ ഇരുന്ന അസ്ലമിന്‍റെ ഇടതു കൈ ബസിന്‍റെ ഉലയലിൽ പുറത്തേക്ക് തെന്നി തൂണിലിടിക്കുകയായിരുന്നു. ഉടൻ അസ്ലമിനേയും നിലത്തു വീണ കൈയും പ്ലാസ്റ്റിക് കൂട്ടിലാക്കി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും കൊണ്ടുപോകുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് വൈദ്യൂതി തൂണുകൾ റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിൽ
റോഡിന്‍റെ വീതികൂട്ടിയിട്ടും വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാൻ വൈകിയതാണ് അപകടത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. റോഡ് വീതികൂട്ടിയതോടെ വൈദ്യുതി തൂൺ ഏതാണ്ട് നടുവിലായാണ് നിൽക്കുന്നത്. വൈദ്യുതി തൂണുകൾ നീക്കം ചെയ്യാനുള്ള കരാർ ഒരുമാസം മുമ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പണി ആരംഭിച്ചിട്ടില്ല.
അധികൃതരുടെ അനാസ്ഥയാണ് ഇപ്പോൾ അസ്ലമിന്‍റെ കൈ അറ്റുപോകുന്ന സംഭവത്തിന് പ്രധാനമായും കാരണമായതെന്നാണ് ആരോപണം. വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കുന്നത് വൈകിയാൽ ഇനിയും ഇത്തരം അപകടം ആവർത്തിക്കും. അസ്ലമിന്‍റെ പിതാവ് അസൈനാർ ആനപ്പാറയിൽ ഇലക്ട്ട്രിക്കൽ ജോലി ചെയ്യുന്ന ആളാണ്. മറ്റ് വരുമാനമാർഗങ്ങളൊന്നുമില്ല. ഉമ്മയും ഒരു സഹോദരിയും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

